മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇടപെട്ട് കേന്ദ്രം; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാനുമായി ചർച്ച നടത്തി

By Web Team  |  First Published Apr 14, 2024, 11:10 PM IST

ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. ഇതിൽ നാല് മലയാളികളടക്കം 17 പേര്‍ ഇന്ത്യക്കാരാണ്


ദില്ലി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യാക്കാരുടെ മോചനത്തിനായി ഇടപെട്ട് കേന്ദ്ര സർക്കാർ. ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ ചർച്ചയായെന്നും വിഷയം പരിഹരിക്കാൻ നയതന്ത്ര ചർച്ചകളുടെ ആവശ്യകതയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.

അടിയന്തര ഇടപെടൽ വേണം, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ മോചനത്തിന് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

Latest Videos

അതേസമയം ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ മലയാളി ജീവനക്കാരുടെ മോചനത്തിനായി കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനാണ് കത്തയച്ചത്. ഇന്ത്യാക്കാരുടെ മോചനത്തിനായുള്ള അടിയന്തര ഇടപെടൽ വേണമെന്നും കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. ഇതിൽ നാല് മലയാളികളടക്കം 17 പേര്‍ ഇന്ത്യക്കാരാണ്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.

അതിനിടെ കപ്പലിലെ മലയാളി ജീവനക്കാരടക്കം എല്ലാവരും സുരക്ഷിതരാണെന്ന വിവരം പുറത്തുവന്നിരുന്നു. കപ്പലിൽ അകപ്പെട്ട വയനാട് സ്വദേശിയായ പി വി ധനേഷാണ് വീട്ടിലേക്ക് വിളിച്ച് ഇക്കാര്യം പറഞ്ഞത്. കപ്പലിലെ എല്ലാവരും സേഫാണ് എന്ന് മാത്രമാണ് ധനേഷ് പറഞ്ഞതെന്നും അതിന് ശേഷം ഫോണ്‍ കട്ടായെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!