താഴ്ന്നു പറന്ന ജെറ്റുകളിലൊന്ന് രണ്ടായി പിളർന്നു താഴേക്കു പതിക്കുകയായിരുന്നു. ജെറ്റ് വീണതിന് തൊട്ട് പിന്നാലെ, അതുവീണ സ്ഥലത്തേക്ക് ഒരു മിസൈലും പതിച്ചു. തങ്ങളുടെ രഹസ്യ ആയുധം സംബന്ധിച്ച തെളിവ് നശിപ്പിക്കാൻ റഷ്യയുടെ തന്ത്രപരമായ നീക്കമായിരുന്നു അതെന്നാണ് സൂചനകൾ.
കീവ്: യുക്രൈനിൽ തകർന്ന് വീണത് റഷ്യയുടെ രഹസ്യ ആയുധമായ 'വേട്ടക്കാരൻ' ആണെന്ന് റിപ്പോർട്ടുകൾ. കിഴക്കൻ യുക്രെയ്നിൽ, കോസ്റ്റ്യാന്റിനിവ നഗരത്തിന് സമീപത്തായാണ് റഷ്യയുടെ ഏറ്റവും പുതിയ ആയുധമായ എസ് -70 സ്റ്റെൽത്ത് കോംപാറ്റ് ഡ്രോൺ തകർന്ന് വീണത്. രണ്ട് ഡ്രോണുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഒഖോത്‌നിക് (വേട്ടക്കാരൻ) എന്ന് പേരിട്ടിരിക്കുന്ന ഡോണുകളിലൊന്ന് അപ്രതീക്ഷിതമായി തകർന്ന് വീഴുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രൈൻ സൈന്യം ആദ്യം കരുതിയത് റഷ്യൻ ഫൈറ്റർ ജെറ്റുകൾ ആക്രമിക്കാനെത്തിയതാണെന്നാണ്, എന്നാൽ അമ്പരപ്പിച്ചുകൊണ്ട് അവയിലൊന്ന് തകർന്ന് വീണു.
താഴ്ന്നു പറന്ന ജെറ്റുകളിലൊന്ന് രണ്ടായി പിളർന്നു താഴേക്കു പതിക്കുകയായിരുന്നു. ജെറ്റ് വീണതിന് തൊട്ട് പിന്നാലെ, അതുവീണ സ്ഥലത്തേക്ക് ഒരു മിസൈലും പതിച്ചു. തങ്ങളുടെ രഹസ്യ ആയുധം സംബന്ധിച്ച തെളിവ് നശിപ്പിക്കാൻ റഷ്യയുടെ തന്ത്രപരമായ നീക്കമായിരുന്നു അതെന്നാണ് സൂചനകൾ. എന്നാൽ അപ്രതീക്ഷിത നീക്കം കണ്ട് പാഞ്ഞെത്തിയ യുക്രൈൻ സൈന്യം റഷ്യയുടെ രഹസ്യ ആയുധത്തിന്‍റെ ചില പ്രധാന ഘടകങ്ങൾ വീണ്ടെടുത്തതായാണ് റിപ്പോർട്ട്. ആളില്ലാതെ പ്രവർത്തിക്കുന്ന ഈ ഡ്രോൺ യുദ്ധ വിമാനത്തോളം വലുപ്പമുള്ളതും വളരെ ഭാരമേറിയതുമാണ്. ഇത് വരെ 4 എസ് -70 സ്റ്റെൽത്ത് കോംപാറ്റ് ഡ്രോണുകളേ നിർമ്മിക്കപ്പെട്ടിട്ടൊള്ളു എന്നാണ് പുറത്ത് വരുന്ന വിവരം. ഇതിലൊന്നാണ് യുക്രൈനിൽ തകർന്ന് വീണത്.
റോക്കറ്റുകളും ബോംബുകളും വഹിക്കാനും ലക്ഷ്യസ്ഥാനത്ത് നിക്ഷേപിക്കാനും സാധിക്കുന്ന ഒഖോത്‌നിക് എന്ന ഭീമാകാരനായ ഡ്രോണിന് ആകാശ ആക്രമണങ്ങളിൽ വലിയ പങ്കാണ് വഹിക്കാനാകുക. റഷ്യയുടെ അഞ്ചാം തലമുറ സു-57 യുദ്ധവിമാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഈ ഡ്രോണുകൾ നിർമിച്ചിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രൈൻ റഷ്യ യുദ്ധം തുടങ്ങയതിന് ശേഷം റഷ്യ ദിനംപ്രതി 300 ഓളം ഡ്രോണുകള്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ മൂന്നിലൊന്നും യുക്രൈൻ സൈന്യം വെടിവെച്ചിടുന്നുണ്ട്. എന്നാൽ ഒഖോത്‌നിക് എന്ന രഹസ്യ ആയുധം തകർന്നത് റഷ്യക്ക് വലിയ തിരിച്ചടി തന്നെയാണെന്നാണ് വിലയിരുത്തൽ. അതേസമയം ഡ്രോൺ തകർന്നത് എങ്ങനെയാണെന്നതടക്കമുള്ള വിവരങ്ങൾ ഇത് വരെ പുറത്ത് വന്നിട്ടില്ല.
Read More : മുംബൈ-ന്യൂയോർക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, അടിയന്തര ലാൻഡിങ്, യാത്രക്കാർ സുരക്ഷിതർ