കാൽ നൂറ്റാണ്ടിലെ ഏറ്റവും കുറ‌വ് ജനന നിരക്ക്; വിദ്യാർത്ഥിനികൾക്ക് പ്രസവത്തിനൊപ്പം 81,000 രൂപ സമ്മാനം നൽകാൻ റഷ്യ

By Web Desk  |  First Published Jan 9, 2025, 10:12 AM IST

ജനന നിരക്ക് വൻതോതിൽ കുറയുന്നതിന് പുറമെ മറ്റ് പല കാരണങ്ങൾ കൂടിച്ചേരുമ്പോൾ രാജ്യത്തെ ജനസംഖ്യ സ്ഥിതി മോശമാവുകയാണെന്ന് നേരത്തെ തന്നെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.


മോസ്കോ: ജനസംഖ്യാ ഇടിവ് വൻ ഭീഷണിയാവുമെന്ന കണക്കുകൂട്ടലിൽ ജനന നിരക്ക് വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി റഷ്യയും. ഇതിന്റെ ഭാഗമായി പ്രസവിക്കുന്ന വിദ്യാർത്ഥിനികൾക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യയിലെ ഒരു മേഖല. ദ മോസ്കോ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം റഷ്യയിലെ കരേലിയ മേഖലയിലുള്ള താമസക്കാരിൽ, ആരോഗ്യമുള്ള കുട്ടികളെ പ്രസവിക്കുന്ന 25 വയസിൽ താഴെയുള്ള വിദ്യാർത്ഥിനികൾക്ക് ഒരു ലക്ഷം റൂബിൾ ൾ (81,000 ഇന്ത്യൻ രൂപ) സമ്മാനമായി ലഭിക്കും. പ്രദേശത്തെ സർവകലാശാലയിലെയോ കോളേജുകളിലെയോ വിദ്യാർത്ഥിനികൾക്കാണ് ഈ സമ്മാനം ലഭിക്കുകയെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം ആരോഗ്യമുള്ള കുട്ടികളെ പ്രസവിക്കണമെന്ന നിബന്ധനയുടെ കാര്യത്തിൽ അവ്യക്തകൾ ഉണ്ടെന്നും ഇതേ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. പ്രസവത്തിൽ കു‌ഞ്ഞ് മരണപ്പെടുന്നവർക്കും കുഞ്ഞിന് വൈകല്യങ്ങൾ ഉള്ളവർക്കുമൊക്കെ പദ്ധതിയുടെ പ്രയോജനം ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടത്രെ. കു‌ഞ്ഞിന്റെ സംരക്ഷണ ചെലവുകൾക്കും അമ്മയുടെ ആരോഗ്യ പരിപാലനത്തിനും മറ്റ് ധനസഹായം സർക്കാറിൽ നിന്നുണ്ടാവുമോ എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

Latest Videos

ചരിത്രത്തിലെ ഏറ്റവും കു‌റ‌ഞ്ഞ ജനന നിരക്കാണ് റഷ്യയിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്തുവന്ന 2024ലെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം ആകെ 5,99,600 കുട്ടികളാണ് ആ കാലയളവിൽ രാജ്യത്ത് ജനിച്ചത്. ഇത് 25 വർഷത്തെ ഏറ്റവും കുറ‌ഞ്ഞ സംഖ്യയാണ്. ഇതേ കാലയളവിൽ 2023ൽ ഉണ്ടായ ജനനങ്ങളേക്കാൾ 16,000ന്റെ കുറവുമുണ്ട്. രാജ്യത്തിന്റെ ഭാവി അപകടകരമാവുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് പല റഷ്യൻ വിദഗ്ധരും നേരത്തെ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

റഷ്യയിലെ മറ്റ് മേഖലകളും സമാനമായ പദ്ധതികളുമായി കൂടുതൽ സ്ത്രീകൾക്ക് പ്രസവിക്കാനും കുട്ടികളെ വളർത്താനുമുള്ള പ്രോത്സാഹനം നൽകാനാണ് പദ്ധതിയിടുന്നത്. മദ്ധ്യ റഷ്യൻ മേഖലയായ ടോംസ്കിൽ ഇപ്പോൾ തന്നെ ഇതുപോലുള്ള പദ്ധതി നിലവിലുണ്ട്. 11 മേഖലകൾ ഇപ്പോൾ തന്നെ പ്രസവിക്കുന്ന വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയാണ്. 

റഷ്യൻ ദേശീയ ഭരണകൂടവും പ്രസവ ആനുകൂല്യം വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 6,30,400 റൂബിളായിരുന്നത് 2025 തുടക്കം മുതൽ 6,77,000 റൂബിളാക്കി ഉയർത്തി. അദ്യത്തെ തവണ പ്രസവിക്കുന്നവർക്കാണ് ഇത് ലഭിക്കുക. രണ്ടാം തവണ പ്രസവിക്കുന്നവർക്കുള്ള ധനസഹായം 8,33,000 റൂബിളിൽ നിന്ന് 8,94,000 റൂബിളാക്കി വർദ്ധിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!