Exclusive : അതിര്‍ത്തിയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ദുരിതയാത്ര ; വെല്ലുവിളികളെ കുറിച്ച് രക്ഷാപ്രവര്‍ത്തകര്‍

By Prasanth Reghuvamsom  |  First Published Mar 7, 2022, 9:28 AM IST

ഒരുപാട് ബുദ്ധിമുട്ടിയാണ് മെഡിക്ക ബോര്‍ഡറിലൂടെ വിദ്യാര്‍ത്ഥികളെത്തിയത്. ഏതൊക്കെ ബോര്‍ഡറുകള്‍ വഴി അതിര്‍ത്തി കടക്കാമെന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തതയില്ലായിരുന്നെന്നും ഇവര്‍ പറയുന്നു. 


കീവ്: രക്ഷാപ്രവര്‍ത്തനത്തിലെ വെല്ലുവിളികളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വിശദീകരിച്ച് യുക്രൈനില്‍ (Ukraine) നിന്ന് പോളണ്ടിലേക്ക് (Poland) എത്തിയ വിദ്യാര്‍ത്ഥികളെ സഹായിച്ച മലയാളി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍. യുക്രൈന്‍ പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ ആദ്യത്തെ മലയാളം ടിവി ചാനല്‍ പ്രതിനിധി പ്രശാന്ത് രഘുവംശവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ സംസാരിച്ചു. മാര്‍ക്വസ്, ജിന്‍സി, ഷോണ്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ചത്. അതിര്‍ത്തിയിലേക്ക് എത്താന്‍ വിദ്യാര്‍ത്ഥികള്‍ കുറെ ബുദ്ധിമുട്ടിയിരുന്നതായി  സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിശദീകരിച്ചു. നാല്‍പ്പത് കിലോമീറ്റര്‍ നടന്നിട്ട് ബോര്‍ഡറില്‍ നാലുമണിക്കൂറോളം കാത്തിരുന്നിട്ടാണ്  അതിര്‍ത്തി കടക്കാനുള്ള ക്ലിയറന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. പോളണ്ട് അതിര്‍ത്തിയില്‍ നിന്നും ക്ലിയറന്‍സ് കിട്ടാനായി വിദ്യാര്‍ത്ഥികള്‍ക്ക് പിന്നേയും കാത്തിരിക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടിയാണ് മെഡിക്ക ബോര്‍ഡറിലൂടെ വിദ്യാര്‍ത്ഥികളെത്തിയത്. ഏതൊക്കെ ബോര്‍ഡറുകള്‍ വഴി അതിര്‍ത്തി കടക്കാമെന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തതയില്ലായിരുന്നെന്നും ഇവര്‍ പറയുന്നു. 

വിദ്യാര്‍ത്ഥികള്‍ എത്തി തുടങ്ങിയ ആദ്യത്തെ ദിവസങ്ങളില്‍ ബുദ്ധിമുട്ടുകളേറെയായിരുന്നു. ഏത് ഡയറക്ഷനില്‍ പോകണം, ആരുടെ നിര്‍ദ്ദേശം പിന്തുടരണം തുടങ്ങിയ പല കാര്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ആദ്യത്തെ ദിവസങ്ങളില്‍ വളരെയധികം ബുദ്ധിമുട്ടി. ഒരുപാട് ദൂരെയുള്ള ചെക്ക്പോസ്റ്റുകളിലേക്കാണ് പലരും എത്തിയത്. 170  കിലോമീറ്റര്‍ ദൂരത്തേക്ക് എത്തപ്പെട്ടിട്ട് അവിടെ തണുപ്പത്ത് ബസ് കാത്ത് നില്‍ക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഒരാളെ പോലും വിട്ടുപോകാതെ തിരികെ എത്തിക്കാന്‍ കഴിഞ്ഞെന്നതിലും ഇവര്‍ സന്തോഷം പ്രകടിപ്പിച്ചു. എംബസിയില്‍ നിന്നുള്ള ആളുകള്‍ കൂടി എത്തിയതോടെ കുറച്ചൂടെ നന്നായി കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ കഴിഞ്ഞതായും സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യമായ ആളുകള്‍ക്ക് നല്ല രീതിയില്‍ തന്നെയുള്ള ചികിത്സ സര്‍ക്കാരില്‍ നിന്നും ലഭിച്ചെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.

Latest Videos

undefined

സുമിയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ യുക്രൈന്‍ പോളണ്ട് അതിര്‍ത്തിയില്‍ നിന്നുംഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. കാര്‍കീവിലെ ദിനങ്ങള്‍ അസഹനീയമായിരുന്നെന്ന് പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പറഞ്ഞു. പീസോചിനില്‍ എത്തിയതോടെ  സുരക്ഷിതയായിരുന്നെന്നും ഇന്ത്യന്‍ എംബസിയുടെ വലിയ സഹായം കിട്ടിയെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്.

അതേസമയം സുമിയിലെ വിദ്യാർത്ഥികളോട് നഗരം വിടാൻ തയ്യാറായിരിക്കാൻ യുക്രൈനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രൈനിലെ പോൾട്ടാവയിൽ എത്തിച്ച് പടിഞ്ഞാറൻ അതിർത്തിയിലെത്തിക്കാനാണ് ശ്രമം. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി എംബസി ഉദ്യോഗസ്ഥർ പോൾട്ടാവയിൽ എത്തി. സമയവും തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. 700 വിദ്യാർഥികൾ സുമിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക്. അതേസമയം കീവിൽ വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ ഇന്ന് തിരികെ എത്തും. കേന്ദ്രമന്ത്രി വി കെ സിങ്ങിനൊപ്പമാകും ഹർജോത് സിങ്ങ് തിരികെ എത്തുക. പിന്നാലെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റും. അതേസമയം യുക്രൈൻ അതിർത്തി രാജ്യങ്ങൾ വഴിയുള്ള ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടികൾ അവസാന ഘട്ടത്തിലാണ്.
 

click me!