ഹമാസ് ഓഫീസ് പൂട്ടാൻ നിർദേശിച്ചിട്ടില്ല, ചർച്ചകളിൽ നിന്ന് പിന്മാറിയിട്ടില്ല; വാർത്തകൾ നിഷേധിച്ച് ഖത്തർ

By Web Team  |  First Published Nov 10, 2024, 12:45 PM IST

മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഖത്തറിന്‍റെ തീരുമാനത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും, എന്നാൽ രാജ്യം വിടാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഹമാസ് വ്യക്തമാക്കുന്നത്.


ഖത്തർ:  ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ ശരിയല്ലെന്ന് ഖത്തർ വിദേശകാര്യ വക്താവ്. ഹമാസ് ഓഫീസ് പൂട്ടാൻ നിർദേശം നൽകിയെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ടെന്നും ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാൻ നിർദ്ദേശം നൽകിയെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. ദോഹയിലെ ഹമാസ് ഓഫീസ് സംബന്ധിച്ച വാർത്തകളും കൃത്യമല്ലെന്ന് ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.  

സമാധാന ചർച്ചകൾക്ക് വേണ്ടിയുള്ളതാണ് ഹമാസിന്റെ ദോഹയിലെ ഓഫീസെന്നും വെടിനിർത്തൽ ചർച്ചകൾ ലക്ഷ്യം കാണുന്നതിൽ ഈ ഓഫീസ് പങ്കുവഹിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചിരുന്നു. ദോഹയിൽ ഹമാസ് ഓഫീസ് തുടരുന്നത് പ്രയോജനകരമല്ലെന്നും ഹമാസ് പ്രതിനിധി സംഘത്തെ പുറത്താക്കണമെന്നും യുഎസ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ നയം വ്യക്തമാക്കിയതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇരു കക്ഷികളും  യുദ്ധമവസാനിപ്പിക്കാൻ ഗൗരവമുള്ള താൽപര്യമറിയിച്ചാൽ ഖത്തർ മുന്നിലുണ്ടാകുമെന്നാണ് നിലപാട്.  

Latest Videos

undefined

അതേ സമയം  ഹമാസ് - ഇസ്രയേൽ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും എന്നാൽ നിലവിൽ മധ്യസ്ഥ ചർച്ചകൾ നിർത്തി വെച്ചിരിക്കുകയാണെന്നും ഖത്തർ വ്യക്തമാക്കി.  മധ്യസ്ഥ ശ്രമങ്ങളിലൂടെ എത്തിയ ധാരണകളിൽ നിന്ന് പൻവാങ്ങുന്നതും, ചർച്ചകളെ യുദ്ധത്തിനുള്ള ന്യായം ചമയ്ക്കുന്നതിനുള്ള വേദികളാക്കുന്നതിലും ഉള്ള കടുത്ത എതിർപ്പ് ഖത്തർ മറച്ചുവെച്ചില്ല.   ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ഉപാധിയായി മധ്യസ്ഥ ശ്രമങ്ങളെ മാറ്റുന്നത് അംഗീകരിക്കില്ലെന്ന് ഖത്തർ വിദേശകാര്യ വക്താവ്  വ്യക്തമാക്കി.  ബന്ദികളെയും തടവുകാരെയും കൈമാറാനും സംഘർഷം അവസാനിപ്പിക്കാനും കൃത്യമായ ഇടപെടൽ വേണണമെന്നാണ് ഖത്തറിന്റെ നിലപാട്.  

Read More : പുതിയ വൈറ്റ് ഹൗസ് ടീം; ഇന്ത്യൻ വംശജയായ നിക്കി ഹേലിയെയും മൈക്ക് പോംപിയോയും ഒഴിവാക്കി ഡോണൾഡ് ട്രംപ്

tags
click me!