'ഇനി പറ്റില്ല, അമേരിക്കയുടെ സമ്മർദ്ദം'; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ

By Web Team  |  First Published Nov 9, 2024, 2:18 PM IST

ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാൻ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കത്തും നൽകിയിരുന്നു.


ഖത്തർ: ഹമാസ് നേതാക്കൾക്ക് അഭയം നൽകുന്നതിൽ നിർണായക തീരുമാനവുമായി ഖത്തർ. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി  അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് ഖത്തർ തങ്ങളുടെ നയം മാറ്റിയത്. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ നയം വ്യക്തമാക്കിയത്. 

ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ചതോടെയാണ് അമേരിക്ക കടുത്ത നിലപാടെടുത്തത്. മോചന നിർദ്ദേശങ്ങൾ നിരസിച്ചതോടെ ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ആഴ്ചകൾക്ക് മുൻപ് ഒരു ബന്ദിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും ഹമാസ് നിരസിച്ചു. ഇതോടെയാണ് ഖത്തറിനോട് അമേരിക്ക നിലപാട് വ്യക്തമാക്കിയതെന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Latest Videos

undefined

ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാൻ ഖത്തറിനോട് പറയണമെന്ന്  ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കത്തും നൽകിയിരുന്നു. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് ഖത്തർ ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. യുഎസിനും  ഈജിപ്തിനുമൊപ്പം, ഗാസയിൽ ഒരു വർഷം നീണ്ടുനിന്ന സംഘർഷത്തിനു അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും  പങ്കാളിയായിരുന്നു. എന്നാൽ   ഹ്രസ്വകാല വെടിനിർത്തൽ പദ്ധതിയടക്കം നിർദ്ദേശങ്ങളെല്ലാം ഹമാസ് നിരസിച്ചിരുന്നു. ഇതോടെയാണ് യുഎസ് ഖത്തറിന് മേൽ സമ്മർദ്ദം ചെലുത്തിയതും ഖത്തർ ഹമാസ് നേതാക്കളെ കൈയ്യൊഴിഞ്ഞതും.

Read More :  വന്ദേ ഭാരത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം? പാളത്തിൽ ഉപേക്ഷിച്ച ബൈക്കിൽ ശക്തമായി ഇടിച്ചു, ഭയന്ന് യാത്രക്കാർ

tags
click me!