അമേരിക്കക്ക് പിന്നാലെ യൂറോപ്യൻ സർവ്വകലാശാലകളിലും പലസ്തീൻ അനുകൂല പ്രതിഷേധം വ്യാപകമാവുന്നു

By Web Team  |  First Published May 8, 2024, 12:22 PM IST

അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലകളിൽ അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ചാണ് യൂറോപ്പിലെ പ്രതിഷേധം. ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് എതിരെയാണ് വിദ്യാർത്ഥി പ്രതിഷേധം വ്യാപകമാവുന്നത്. 


മ്യൂണിക്: അമേരിക്കയ്ക്ക് പിന്നാലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ യൂറോപ്പിലെ സർവ്വകലാശാലകളിലേക്കും പടരുന്നു. നെതർലാൻഡ്, ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്, ഓസ്ട്രിയ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ സർവ്വകലാശാലകളിലാണ് പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ വ്യാപകമാവുന്നത്. അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലകളിൽ അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ചാണ് യൂറോപ്പിലെ പ്രതിഷേധം. ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് എതിരെയാണ് വിദ്യാർത്ഥി പ്രതിഷേധം വ്യാപകമാവുന്നത്. 

ചൊവ്വാഴ്ച റാഫയിൽ ഇസ്രയേൽ സൈന്യം എത്തിയതിന് പിന്നാലെ സജീവമായ പ്രതിഷേധങ്ങളെ പൊലീസ് അടക്കമുള്ള സംവിധാനങ്ങളെ നിരത്തിയാണ് ഭരണകൂടം പ്രതിരോധിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം ആംസ്റ്റർഡാം സർവ്വകലാശാലയിൽ നടന്ന് ടെന്റ് കെട്ടിയുള്ള പ്രതിഷേധത്തിൽ 169 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടെന്റുകൾ അടിച്ച് തകർത്ത് പൊലീസ് വിദ്യാർത്ഥികളെ ലാത്തി പ്രയോഗിച്ചാണ് ക്യാംപസിൽ നിന്ന് തുരത്തിയത്. പാലസ്തീൻ അനുകൂല പ്രതിഷേധക്കാർക്കെതിരെ ഇസ്രയേൽ അനുകൂലികൾ എത്തിയതോടെയാണ് പൊലീസ് ലാത്തി ചാർജ്ജ് നടത്തിയത്. 

Latest Videos

വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ചയും പ്രതിഷേധം ശക്തമാവുന്നുണ്ട്. ജർമ്മനിയിലെ ലീപ്സിഗിലും സർവ്വകലാശാലയിൽ പ്രതിഷേധം ശക്തമാണ്. വംശഹത്യയ്ക്കെതിരെ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് ഇവിടെ വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ പൊലീസ് സഹായം തേടിയിരിക്കുകയാണ് ജർമ്മനിയിലും സർവ്വകലാശാലാ അധികൃതർ. 

ബെർലിൻ സർവ്വകലാശാലയിലും പ്രതിഷേധം ശക്തമാണ്. പാരീസിലെ പ്രശസ്തമായ സയൻസ് പോ സർവ്വകലാശാലയിൽ ഇരുപതിലേറെ വിദ്യാർത്ഥികളാണ് പ്രതിഷേധം നടത്തിയത്. മറ്റ് കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ച പൊലീസ് പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ നീക്കി. ഇസ്രയേലിനെതിരെ 13 വിദ്യാർത്ഥികളാണ് ഇവിടെ നിരാഹാര സമരത്തിലുള്ളത്. സ്വിറ്റ്സർലണ്ടിലെ സൂറിച്ചിലും ലോസേനിലും സൂറിച്ചിലും പലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രതിഷേധം ശക്തമാണ്. ഓസ്ട്രിയയിലും വിയന്ന സർവ്വകലാശാല ക്യാംപസിലാണ് വിദ്യാർത്ഥി പ്രതിഷേധം നടക്കുന്നത്. ആതൻസിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടാകുന്ന സാഹചര്യമാണ് ഉണ്ടായത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!