ജോൺ ഹാർവാർഡ് പ്രതിമയിൽ പാലസ്തീൻ പതാക ഉയർത്തി പ്രതിഷേധം, യുദ്ധ വിരുദ്ധ പ്രതിഷേധം അമേരിക്കയിൽ വ്യാപകം

By Web Team  |  First Published Apr 29, 2024, 2:01 PM IST

യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ അമേരിക്കയിലെ വിവിധ സർവ്വലാശാലകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 900ആയി


ന്യൂയോർക്ക്: ഹാർവാർഡ് സർവ്വകലാശാലയിലെ പ്രമുഖ പ്രതിമയിൽ പാലസ്തീൻ പതാക ഉയർത്തി ഇസ്രയേൽ വിരുദ്ധ പ്രതിഷേധം. അമേരിക്കയുടെ ദേശീയ പതാക ഉയർത്തുന്ന ഹാർവാർഡ് യാഡിലെ ജോൺ ഹാർവാർഡ് പ്രതിമയിലാണ് പാലസ്തീൻ പതാക ഉയർത്തിയത്. അമേരിക്കയിലെ സർവ്വകലാശാലകളിൽ യുദ്ധ വിരുദ്ധ പ്രതിഷേധം പിടിമുറുക്കുന്നതിന്റെ പ്രകടമായ സൂചനയാണ് പ്രതിഷേധം നൽകുന്നത്. യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ അമേരിക്കയിലെ വിവിധ സർവ്വലാശാലകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 900ആയി. 

ഏപ്രിൽ 18ന് ന്യൂയോർക്കിലെ കൊളംബിയ സർവ്വകലാശാലയിൽ പ്രതിഷേധം നടത്തിയ നിരവധിപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ചയാണ് സർവ്വകലാശാല വളപ്പിൽ പാലസ്തീൻ പതാക ഉയർത്തിയത്. നിലവിലെ പ്രതിഷേധങ്ങൾ സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിഷേധങ്ങളിൽ ഏർപ്പെടുന്നവർക്ക് നേരെ അച്ചടക്ക നടപടിയുണ്ടാവുമെന്നും സർവ്വകലാശാല വക്താവ് ഇതിനോടകം വ്യക്തമാക്കി. 

Latest Videos

undefined

ശനിയാഴ്ച ഹാർവാർഡ് അടക്കമുള്ള വിവിധ സർവ്വകലാശാലകളിൽ നിന്നായി 275 പേരെയാണ് അറസ്റ്റ് ചെയ്തത്. കാലിഫോർണിയ സർവ്വകലാശാലയിലും ജോർജ് വാഷിംഗ്ടൺ സർവ്വകലാശാലയിലും ഞായറാഴ്ചയും പ്രതിഷേധം തുടരുകയാണ്. നേരത്തെ അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യൻ വംശജയെ പ്രിൻസ്ടൺ സർവ്വകലാശാലയിൽ നിന്ന് പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. കൊളംബിയ സർവ്വകലാശാലയിലാണ് യുദ്ധ വിരുദ്ധ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് ആരംഭം കുറിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!