
ഒട്ടാവ: കാനഡ പൊതുതെരഞ്ഞെടുപ്പിൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവും ഖാലിസ്ഥാൻ വാദിയുമായ ജഗ്മീത് സിംഗിന് പരാജയം. മൂന്നാം വിജയം ലക്ഷ്യമിട്ടിരുന്ന ജഗ്മീത്, ബ്രിട്ടീഷ് കൊളംബിയയിലെ ബർണബി സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർത്ഥിയായ വേഡ് ചാങ്ങിനോട് പരാജയപ്പെട്ടു. ജഗ്മീത് 27 ശതമാനം വോട്ടുകൾ മാത്രമാണ് നേടിയത്. ചാങ് 40 ശതമാനത്തിലധികം വോട്ടുകൾ നേടി. ജഗ്മീതിന്റെ പാർട്ടിക്കും കനത്ത തിരിച്ചടി നേരിട്ടു. 12 സീറ്റുകൾ ലഭിക്കാത്തതിനാൽ എൻഡിപിക്ക് ദേശീയ പദവി നഷ്ടപ്പെട്ടേക്കും. എൻഡിപിയുടെ പ്രകടനത്തിൽ നിരാശയുണ്ടെന്നും 46 കാരനായ ജഗ്മീത് പറഞ്ഞു. പ്രസ്ഥാനത്തിൽ നിരാശയില്ലെന്നും പാർട്ടിയിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിലാണ് എൻഡിപി വിജയിച്ചിരുന്നത്. എന്നാൽ ഇക്കുറി രണ്ടക്കം കടക്കാനായില്ല.
ടോം മുൽകെയറിന്റെ പിൻഗാമിയായി 2017 ൽ ജഗ്മീത് സിംഗ് എൻഡിപിയുടെ നേതൃത്വം ഏറ്റെടുത്തത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, 2011 മുതൽ 2017 വരെ ഒന്റാറിയോയിൽ പ്രൊവിൻഷ്യൽ പാർലമെന്റ് (എംപിപി) അംഗമായി സേവനമനുഷ്ഠിച്ചു. പ്രധാന കനേഡിയൻ ഫെഡറൽ രാഷ്ട്രീയ പാർട്ടിയെ നയിക്കുന്ന ന്യൂനപക്ഷ ഗ്രൂപ്പിൽ നിന്നുള്ള ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. ലിബറൽ പാർട്ടിയുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ടുനീങ്ങി.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം തുടക്കത്തിൽ ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിന് നിർണായക സഖ്യകക്ഷിയായി സേവനമനുഷ്ഠിക്കുകയും ഒടുവിൽ പിന്തുണ പിൻവലിക്കുകയും ചെയ്തു. ഖാലിസ്ഥാൻ പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിവാദമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam