യുറേഷ്യയായാലും പശ്ചിമേഷ്യയായാലും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദില്ലി: ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരവാദം ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനവികതയിൽ വിശ്വസിക്കുന്ന ശക്തികൾ ഭീകരതയെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലാവോസിൽ നടന്ന 19-മത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മാനുഷികമായ സമീപനം, ചർച്ചകൾ, നയതന്ത്രം എന്നിവയ്ക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതിന് വേണ്ടി സാധ്യമായ എല്ലാ വഴികളിലും ഇന്ത്യ സംഭാവന ചെയ്യുന്നത് തുടരും. രാജ്യങ്ങളുടെ പരമാധികാരം, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവയെ മാനിക്കേണ്ടത് ആവശ്യമാണ്. സൈബർ, സമുദ്ര, ബഹിരാകാശ മേഖലകളിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
യുറേഷ്യയായാലും പശ്ചിമേഷ്യയായാലും സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. താൻ ബുദ്ധൻ്റെ നാട്ടിൽ നിന്നാണ് വരുന്നത്. ഇത് യുദ്ധത്തിന്റെ കാലമല്ലെന്നും പ്രശ്‌നങ്ങൾക്കുള്ള പരിഹാരം യുദ്ധക്കളത്തിൽ നിന്ന് ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിയറ്റ്‌നാമിൽ യാഗി ചുഴലിക്കാറ്റിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.