റെയ്ഷാഡ് ബ്രൂക്ക്സിന്റെ കൊലപാതകം; പൊലീസ് ഓഫീസർ ​ഗാരറ്റ് റോൾഫിനെതിരെ അതിക്രൂരമായ നരഹത്യക്ക് കേസ്

By Web Team  |  First Published Jun 18, 2020, 11:18 AM IST

വെടിയേറ്റ് പിടഞ്ഞ ബ്രൂക്ക്സിനെ റോൾഫ് തൊഴിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. വെടിയേറ്റ ബ്രൂക്ക്സിന്റെ ജീവൻ രക്ഷിക്കേണ്ടതിനു പകരം റോൾഫ് ചെയ്തത് അതിക്രൂരവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് ഫുൾട്ടൺ ജില്ലാ കോടതി വിലയിരുത്തി.


വാഷിം​ഗ്ടൺ: ആഫ്രിക്കൻ- അമേരിക്കൻ വംശജൻ റെയ്ഷാഡ് ബ്രൂക്ക്സിനെ വെടിവച്ചുകൊന്ന കേസിൽ അറ്റ്ലാന്റ പൊലീസ് ഓഫീസർ ​ഗാരറ്റ് റോൾഫിനെതിരെ അതിക്രൂരമായ നരഹത്യക്ക് കേസെടുത്തു. വെടിയേറ്റ് പിടഞ്ഞ ബ്രൂക്ക്സിനെ റോൾഫ് തൊഴിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. വെടിയേറ്റ ബ്രൂക്ക്സിന്റെ ജീവൻ രക്ഷിക്കേണ്ടതിനു പകരം റോൾഫ് ചെയ്തത് അതിക്രൂരവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് ഫുൾട്ടൺ ജില്ലാ കോടതി വിലയിരുത്തി.

​ഗാരറ്റ് റോൾഫിനെതിരെ 11 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബ്രൂക്ക്സിനെ വെടിവച്ച ശേഷം റോൾഫ് പ്രതികരിച്ചത് എനിക്കവനെ കിട്ടി എന്നായിരുന്നു. തുടർന്ന്, ജീവന് വേണ്ടി പിടഞ്ഞ ബ്രൂക്ക്സിന് പ്രാഥമിക ചികിത്സ നൽകുന്നതിനു പകരം റോൾ‌ഫ് ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. ജില്ലാ അറ്റോർണി പോൾ ഹവാർഡ് കോടതിയിൽ പറഞ്ഞു. 

Latest Videos

അദ്ദേഹം കടന്നുപോയത് എത്രമാത്രം വേദനയിലൂടെയാണെന്ന് എനിക്കു മനസ്സിലായി, അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു എന്നാണ് ബ്രൂക്ക്സിന്റെ വിധവ ടോമിക മില്ലർ ജില്ലാ അറ്റോർണിയുടെ വാക്കുകൾ കേട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. വെടിയൊച്ച കേട്ടശേഷമാണ് റോൾഫ് ബ്രൂക്ക്സിനെതിരെ വെടിയുതിർത്തതെന്നാണ് റോൾഫിന്റെ അഭിഭാഷകർ വാദിച്ചത്. സ്വയരക്ഷയെക്കരുതിയും തനിക്കു ചുറ്റിലുമുള്ള ജനങ്ങളുടെ ജീവനെക്കരുതിയുമാണ് റോൾഫ് ബ്രൂക്ക്സിനെതിരെ വെടിയുതിർത്തത്, അതും ബ്രൂക്ക്സിന്റെ പുറകിൽ. ബ്രൂക്ക്സുണ്ടാക്കിയ പ്രകോപനത്തിന്റെ വളരെക്കുറച്ചു മാത്രമായിരുന്നു അത്. അഭിഭാഷകർ പ്രസ്താവനയിൽ പറഞ്ഞു. ബ്രൂക്ക്സിന് ചികിത്സ നൽകാൻ റോൾഫ് നടപടിയെടുത്തെന്നും അഭിഭാഷകർ വാദിച്ചു. 

തെക്കുകിഴക്കൻ ന​ഗരമായ ജോർജിയയിലെ വെൻഡീസ് ഭക്ഷണശാലയ്ക്കടുത്തു വച്ചാണ് റെയ്ഷാഡ് ബ്രൂക്ക്സിന് (27) പൊലീസിന്റെ വെടിയേറ്റത്. രണ്ട് വെടിയുണ്ടയേറ്റുണ്ടായ രക്തസ്രാവവും അവയവങ്ങൾക്കേറ്റ പരിക്കുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബ്രൂക്ക്സിന്റെ മരണം കടുത്ത പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. വംശവെറിക്കും പൊലീസ് അതിക്രമത്തിനുമെതിരെ നിരവധി ആഫ്രിക്കൻ-അമേരിക്കൻ വംശജരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അറ്റ്ലാന്റ പൊലീസ് ചീഫ് എറിക് ഷീൽഡ്സ് നേരത്തെ രാജിവച്ചിരുന്നു. 

Read Also: കൊറോണ വൈറസിനെക്കാള്‍ ഭീകരമാണ് വംശീയവെറിയെന്ന വൈറസ്......

 

click me!