സാമ്പത്തിക രംഗത്തും സമുദ്ര സുരക്ഷയിലും സഹകരണത്തിനുമടക്കം ഇരു നേതാക്കളും ദില്ലിയിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തി
ദില്ലി: ഇന്ത്യയും മാലദ്വീപും ഇനി ഭായ് ഭായ് ബന്ധം തുടരും. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞ് തീർത്ത് പരസ്പര സഹകരണത്തിന് നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മുയിസുവും 7 കരാറുകളിൽ ഒപ്പുവച്ചു. സാമ്പത്തിക രംഗത്തും സമുദ്ര സുരക്ഷയിലും സഹകരണത്തിനുമടക്കം ഇരു നേതാക്കളും ദില്ലിയിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തി. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന യാതൊരു നീക്കവും മാലിദ്വീപിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്‍റ് മുഹമ്മദ് മുയിസു ഉറപ്പ് നൽകിയിട്ടുണ്ട്.
വിശദവിവരങ്ങൾ ഇങ്ങനെ
undefined
പരസ്പര സഹകരണത്തിന് പ്രഖ്യാപനവുമായി ഇന്ത്യയും മാലിദ്വീപും സംയുക്ത പ്രസ്താവന ഇറക്കി. ഇന്ത്യ വിരുദ്ധ നയങ്ങളുമായി അധികാരത്തിലേറിയ മാലദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മുയിസു ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകൽ ആണ് നയമെന്നാണ് പ്രഖ്യാപിച്ചത്. ഏഴിലധികം ധാരണപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. റുപെയ് കാർഡ് മാലിദ്വീപിലും ലഭ്യമാക്കുന്നതിന്‍റെ ഉദ്ഘാടനവും ചർച്ചയ്ക്ക് ശേഷം നടന്നു. എന്നാൽ ഇന്ത്യൻ സേനാ വിഭാഗത്തെ മാലിദ്വീപിൽ പുനഃസ്ഥാപിക്കുന്നതിൽ ചർച്ചയുണ്ടായില്ലെന്നാണ് സൂചന.
ബംഗളുരുവിൽ മാലിദ്വീപിന്‍റെ പുതിയ കോൺസുലേറ്റ് തുറക്കുന്നതിലും ചർച്ച നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മാലിദ്വീപ് ജനങ്ങളുടെ ക്ഷേമവും പുരോഗതിയും ഉറപ്പാക്കുന്ന നടപടികൾക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി അറിയിച്ചു. ഇന്ത്യയിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ടെന്നും സമുദ്ര വ്യാപാര കരാർ അവസാനഘട്ട ചർച്ചയിലാണെന്നും മുഹമ്മദ്ദ് മുയിസു അറിയിച്ചു. ഇന്ത്യ പുറത്തു പോകുക എന്ന മുദ്രാവാക്യമുയർത്തി മുയിസു അധികാരത്തിലെത്തിയ ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ഉലഞ്ഞിരുന്നു. ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലിദ്വീപ് ബഹിഷ്ക്കരിക്കുക എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു രാജ്യങ്ങളും മുൻകൈയ്യെടുത്ത് ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചയ്ക്ക് ധാരണയിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം