പ്രധാനമന്ത്രി ലാവോസിൽ, ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കും; കിഴക്കനേഷ്യൻ രാജ്യങ്ങളുമായും നിർണായക ചർച്ച നടത്തും

By Web Team  |  First Published Oct 10, 2024, 6:53 PM IST

ലാവോസിൽ നടക്കുന്ന കിഴക്കനേഷ്യൻ ഉച്ചകോടിയിലും മോദി പങ്കെടുക്കും


ലാവോസ്: ഇന്ത്യ ആസിയൻ ഉച്ചകോടിയിൽ പങ്കെടുുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസിലെത്തി. 
ലാവോസിലെ ആഭ്യന്തര മന്ത്രി വിലയ്‌വോംഗ് ബുദ്ധഖാമാണ് മോദിയെ സ്വീകരിച്ചത്. ലാവോസിന്‍റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് മോദി, സന്തോഷം പ്രകടിപ്പിച്ചു. ലാവോസിൽ 'രാമായണം' അവതരണത്തിൻ്റെ ആവിഷ്‌കാരമായ 'ഫ്രലക് ഫ്രലം' കണ്ട മോദി കലാകാരന്മാരടക്കമുള്ളവരുമായി സംവദിക്കുകയും ചെയ്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാൻ്റെയും നൂറ്റാണ്ടാണെന്ന് മോദി അഭിപ്രായപ്പെട്ടു. പല മേഖലകളിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുന്നത് ഒഴിവാക്കാൻ പ്രാദേശിക കൂട്ടായ്മകളും ഇന്ത്യയും തമ്മിലുള്ള സഹകരണം പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇന്ന് ലോകത്തിൻ്റെ പല ഭാഗങ്ങളിലും സംഘർഷത്തിൻ്റെയും പിരിമുറുക്കത്തിൻ്റെയും സാഹചര്യം നിലനിൽക്കുമ്പോൾ, ഇന്ത്യയുടെയും ആസിയാന്‍റെയും സൗഹൃദവും സംഭാഷണവും സഹകരണവും വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസിയാൻ - ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടികളിൽ കണക്ടിവിറ്റി, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ ലോക രാജ്യങ്ങളുമായുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് ശ്രമിക്കുമെന്നും മോദി വ്യക്തമാക്കി.

Latest Videos

undefined

ഇന്ത്യ-പസഫിക് മേഖലയിലെ സുരക്ഷ ചർച്ചയാകുമെന്ന് യാത്ര തിരിക്കും മുമ്പുള്ള പ്രസ്താവനയിൽ നരേന്ദ്ര മോദി പറഞ്ഞിരുന്നു. കിഴക്കനേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിനുള്ള ചർച്ചയും നടക്കും. ലാവോസിൽ നടക്കുന്ന കിഴക്കനേഷ്യൻ ഉച്ചകോടിയിലും മോദി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാലദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മുയിസുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി പ്രധാനമന്ത്രി മുന്നോട്ടുപോകുന്നത്.

മോദി-മുയിസു ചർച്ചയുടെ വിശദാംശങ്ങൾ

ഇന്ത്യയും മാലദ്വീപും ഇനി ഭായ് ഭായ് ബന്ധം തുടരുമെന്നാണ് ചർച്ചകൾക്ക് ശേഷം മോദിയും മുയിസുവും പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞ് തീർത്ത് പരസ്പര സഹകരണത്തിന് നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മുയിസുവും 7 കരാറുകളിൽ ഒപ്പുവക്കുകയും ചെയ്തിരുന്നു. സാമ്പത്തിക രംഗത്തും സമുദ്ര സുരക്ഷയിലും സഹകരണത്തിനുമടക്കം ഇരു നേതാക്കളും ദില്ലിയിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന യാതൊരു നീക്കവും മാലിദ്വീപിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്‍റ് മുഹമ്മദ് മുയിസു ഉറപ്പ് നൽകിയിട്ടുണ്ട്. റുപെയ് കാർഡ് മാലിദ്വീപിലും ലഭ്യമാക്കുന്നതിന്‍റെ ഉദ്ഘാടനവും ചർച്ചയ്ക്ക് ശേഷം നടന്നു. ബംഗളുരുവിൽ മാലിദ്വീപിന്‍റെ പുതിയ കോൺസുലേറ്റ് തുറക്കുന്നതിലും ചർച്ച നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. മാലിദ്വീപ് ജനങ്ങളുടെ ക്ഷേമവും പുരോഗതിയും ഉറപ്പാക്കുന്ന നടപടികൾക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ടെന്നും സമുദ്ര വ്യാപാര കരാർ അവസാനഘട്ട ചർച്ചയിലാണെന്നും മുഹമ്മദ്ദ് മുയിസു അറിയിച്ചത്. ഇന്ത്യ പുറത്തു പോകുക എന്ന മുദ്രാവാക്യമുയർത്തി മുയിസു അധികാരത്തിലെത്തിയ ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ഉലഞ്ഞിരുന്നു. ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലിദ്വീപ് ബഹിഷ്ക്കരിക്കുക എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു രാജ്യങ്ങളും മുൻകൈയ്യെടുത്ത് ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചയ്ക്ക് ധാരണയിലെത്തിയത്.

ഒന്നും രണ്ടുമല്ല, മൂന്ന് ലോക റെക്കോർഡുകൾ, ലോകത്തെ അമ്പരപ്പിച്ച് തൃശൂരിലെ 7 മാസം പ്രായമുള്ള ഇസബല്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!