1985ൽ സ്ഥാപിച്ച പൈപ്പ് നടുറോഡിൽ പൊട്ടിത്തെറിച്ചു, നൂറിലേറെ വീടുകളിലേക്ക് കടൽപോലെ ഇരച്ചെത്തി ജലം

By Web Team  |  First Published Aug 18, 2024, 8:58 AM IST

നൂറ് വർഷത്തെ ആയുസുണ്ടെന്ന അവകാശവാദത്തോടെ സ്ഥാപിച്ച പൈപ്പ് 40 വർഷം കൊണ്ട് തകരാറിലായതിന്റെ കാരണമെന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണവും നഗരസഭ നടത്തുന്നുണ്ട്. 


മൊൺട്രിയാൽ: ചെറുതും വലുതുമായ പൈപ്പ് പൊട്ടലുകൾ ജനജീവിതത്തെ സാരമായി ബാധിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമായി കാനഡയിലെ മൊൺട്രിയാലിലെ പൈപ്പ് പൊട്ടൽ. നൂറിലേറെ വീടുകളിലേക്കാണ് പൊട്ടിയ പൈപ്പിൽ നിന്ന് വെള്ളം ഇരച്ചെത്തിയത്. 12000ലേറെ പേരെയാണ് പൈപ്പ്  പൊട്ടൽ സാരമായി ബാധിച്ചതെന്നാണ് പുറത്ത് വരുന്നത്. റോഡിന് അടിയിലുള്ള പൈപ്പ് പൊട്ടി വലിയ രീതിയിൽ സമീപത്തെ കെട്ടിടങ്ങളിലേക്കും റോഡരികിൽ നിർത്തിയിട്ട കാറുകളിലേക്കും വെള്ളമെത്തി. വെള്ളിയാഴ്ച രാവിലെയാണ് പൈപ്പ് പൊട്ടിയത്. 

റോഡിൽ നിന്ന് പത്ത് മീറ്ററോളം ഉയരത്തിലാണ് പൈപ്പ് പൊട്ടി ജലം മല പോലെ കുതിച്ചുയർന്നത്. 1985ൽ സ്ഥാപിതമായ പൈപ്പാണ് നിലവിൽ തകരാറിലായത്. രണ്ട് മീറ്ററിലേറെ വീതിയുള്ള പൈപ്പാണ് തകരാറിലായി പൊട്ടിയത്. മേഖലയിലേക്കുള്ള ഗതാഗതം വെള്ളക്കെട്ട് രൂക്ഷമായതിന് പിന്നാലെ നിരോധിച്ചിരുന്നു. മൊൺട്രിയാലിന്റെ വിവിധ ഭാഗങ്ങളിലും പൈപ്പ് പൊട്ടലിന് പിന്നാലെ വൈദ്യുതി ബന്ധം നഷ്ടമായി. ശനിയാഴ്ചയോടെയാണ് പൈപ്പിലെ തകരാര്  പരിഹരിച്ച് ചോർച്ച അധികൃതർക്ക് പരിഹരിക്കാനായത്. മൊൺട്രിയാലിലെ ജാക്വസ് കാർട്ടിയർ പാലത്തിന് സമീപത്താണ് പൈപ്പ് പൊട്ടി കടൽ പോലെ ജലം നിരത്തുകളിലേക്ക് എത്തിയത്. മൊൺട്രിയാൽ നഗരത്തിലെ സെന്റ് മേരീ പരിസരമാകെ വെള്ളം നിറയുന്ന സാഹചര്യമാണ് പൈപ്പ് പൊട്ടലിനേ തുടർന്നുണ്ടായത്. 

Latest Videos

undefined

സംഭവത്തിന് പിന്നാലെ 150000ത്തോളം വീടുകളിൽ കുടിവെള്ളം ഉപയോഗത്തിനും ഗീസർ ഉപയോഗത്തിനും പ്രത്യേക മാനദണ്ഡങ്ങളാണ് നഗരസഭ നൽകിയിട്ടുള്ളത്. ശനിയാഴ്ചയോടെ റോഡുകൾ വീണ്ടും ഗതാഗതത്തിന് തുറന്ന് നൽകിയത്. മേഖലയിലുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് പ്രത്യേക മാലിന്യ ശേഖരണം മേഖലയിൽ നഗരസഭ ക്രമീകരിച്ചിട്ടുള്ളത്. റോഡിലെ തകരാറുകൾ ഉടൻ പരിഹരിക്കുമെന്നും നഗരസഭാ അധികൃതർ വിശദമാക്കിയിട്ടുണ്ട്. എന്നാൽ നൂറ് വർഷത്തെ ആയുസുണ്ടെന്ന അവകാശവാദത്തോടെ സ്ഥാപിച്ച പൈപ്പ് 40 വർഷം കൊണ്ട് തകരാറിലായതിന്റെ കാരണമെന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണവും നഗരസഭ നടത്തുന്നുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!