എന്‍ജിന്‍ ഓഫാക്കിയതിന് പിന്നാലെ വിമാനത്തിലെ ഫസ്റ്റ് ഓഫീസറെ കയ്യേറ്റം ചെയ്യാനൊരുങ്ങിയ പൈലറ്റിനെ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് പിടിച്ച് മാറ്റിയത്. ഇയാളെ സീറ്റിനോട് ചേര്‍ത്ത് കൈകള്‍ കെട്ടിയ നിലയിലാണ് വിമാനം തിരികെ പോര്‍ട്ട്ലാന്‍ഡില്‍ അടിയന്തരമായി ഇറക്കിയത്.
പോര്‍ട്ട്ലാന്‍ഡ്: കോക്പിറ്റിലെ എക്സ്ട്രാ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വിമാനത്തിന്റെ എന്‍ജിനുകള്‍ ഓഫ് ചെയ്ത പൈലറ്റിനെതിരെ കൊലപാതക ശ്രമത്തിന് കേസ്. ഡ്യൂട്ടിക്ക് ജീവനക്കാര്‍ കുറവ് വന്നതോടെയാണ് അവധിയിലായിരുന്ന പൈലറ്റിനെ ഡ്യൂട്ടിക്ക് വിളിക്കുന്നത്. വാഷിംഗ്ടണിലെ എവറെറ്റില്‍ നിന്ന് സാന്‍സ്ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനത്തിന്റെ എന്‍ജിനാണ് 44 കാരനായ പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്സെണ്‍ പാതിവഴിയില്‍ വച്ച് ഓഫ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം. ഇതോടെ വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നിരുന്നു.
ജംപ് സീറ്റിലിരുന്ന പൈലറ്റിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാജിക് മഷ്റൂം അടിച്ച് ലഹരിയിലായ സമയത്താണ് ഡ്യൂട്ടിക്ക് വിളിച്ചതെന്നാണ് പൈലറ്റ് നല്‍കിയിരിക്കുന്ന മൊഴി. അടുത്തിടെ സുഹൃത്ത് മരിച്ചതിന് പിന്നാലെ വിഷാദ രോഗത്തിന് അടിമയായെന്നും ഡ്യൂട്ടിക്ക് വിളിക്കുന്നതിന് മുന്‍ 40 മണിക്കൂര്‍ ഉറങ്ങിയിട്ടില്ലെന്നുമാണ് പൈലറ്റ് കോടതിയില്‍ പറഞ്ഞത്. എന്‍ജിന്‍ ഓഫാക്കിയതിന് പിന്നാലെ വിമാനത്തിലെ ഫസ്റ്റ് ഓഫീസറെ കയ്യേറ്റം ചെയ്ത പൈലറ്റിനെ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് പിടിച്ച് മാറ്റിയത്. ഇയാളെ സീറ്റിനോട് ചേര്‍ത്ത് കൈകള്‍ കെട്ടിയ നിലയിലാണ് വിമാനം തിരികെ പോര്‍ട്ട്ലാന്‍ഡില്‍ അടിയന്തരമായി ഇറക്കിയത്.
undefined
വിമാനത്തെ അപകടത്തിലാക്കിയതിനും വിമാനത്തിലെ ഓരോ യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് പൈലറ്റിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അലാസ്ക എയര്‍ലൈനിന്‍റെ ഇരട്ട എന്‍ജിന്‍ വിമാനമായ എംബ്രെയര്‍ 175ന്റെ രണ്ട് എന്‍ജിനാണ് ലഹരി മൂത്ത പൈലറ്റ് ഓഫ് ചെയ്തത്. എന്നാല്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള പൈലറ്റാണ് എമേഴ്സണെന്നും ഇത്രയും കാലത്തെ സര്വ്വീസിനിടയ്ക്ക് ഇത്തരമൊരു സംഭവം ആദ്യമാണെന്നുമാണ് അലാസ്ക എയര്‍ലൈന്‍ സംഭവത്തേക്കുറിച്ച് പറയുന്നത്. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പൈലറ്റിനെതിരെ ചുമത്തിയിട്ടുള്ളത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ പൈലറ്റ് ലഹരിയില്‍ ആയിരുന്നില്ലെന്നാണ് അന്വേഷണ സംഘം വിശദമാക്കുന്നത്.
വിമാനയാത്രയ്ക്ക് മുന്‍പുള്ള പരിശോധനകളിലും ഏതെങ്കിലും രീതിയിലുള്ള അസ്വഭാവികതകള്‍ പൈലറ്റ് കാണിച്ചില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മാജിക് മഷ്റൂം ഉപയോഗിക്കുന്നത് ആദ്യമായെന്നാണ് എമേഴ്സണ്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന മൊഴി. വിമാനക്കമ്പനി പൈലറ്റിനെ ചൊവ്വാഴ്ച ചുമതലകളില്‍ നിന്നെല്ലാം നീക്കിയിരുന്നു. പൈലറ്റുമാരുടെ ഫിറ്റ്നെസ് പരിശോധനയുടെ ഭാഗമായുള്ള മാനസിക നില പരിശോധന സെപ്തംബറിലാണ് എമേഴ്സണ്‍ പൂര്‍ത്തിയാക്കിയത്. സംഭവങ്ങള്‍ നടക്കുമ്പോള്‍ 80 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം