അമേരിക്കയിലെ സിയാറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റാണ് മരിച്ചത്.
ന്യൂയോർക്ക്: ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇതിന് പിന്നാലെ വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി. അമേരിക്കയിലെ സിയാറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റ് ഇൽസെഹിൻ പെഹ്ലിവാൻ (59) ആണ് യാത്രാമധ്യേ മരിച്ചത്.
യാത്രാമധ്യേ ബോധരഹിതനായ പൈലറ്റിന് ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിമാനത്തിലെ മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേർന്ന് ന്യൂയോർക്കിൽ വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനം അടിയന്തര ലാൻഡിംഗ് നടത്തുന്നതിന് മുമ്പ് തന്നെ പൈലറ്റ് മരിച്ചിരുന്നു.
2007 മുതൽ ടർക്കിഷ് എയർലൈൻസിലെ പൈലറ്റായിരുന്നു ഇൽസെഹിൻ പെഹ്ലിവാൻ. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ വർഷം മാർച്ചിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരമുള്ള ഏവിയേഷൻ മെഡിക്കൽ സെൻ്ററിൽ നടത്തിയ ഒരു പതിവ് മെഡിക്കൽ പരിശോധനയിൽ അദ്ദേഹം വിജയിച്ചിരുന്നതായി എയർലൈൻസ് വക്താവ് അറിയിച്ചു.
READ MORE: ഇറാനിലെ ഭൂകമ്പം ആണവ ബോംബ് പരീക്ഷണം തന്നെ? ടെഹ്റാനിൽ വരെ പ്രകമ്പനം, സൂചന നൽകി സിഐഎ മേധാവി