ഷോപ്പിംഗ് സെന്ററിലെത്തിയ മൂന്ന് യുവതികളുടെ വസ്ത്രം മാറുന്ന ദൃശ്യം ചിത്രീകരിച്ചതിന് അറസ്റ്റിലായ ഭർത്താവിന്റെ കംപ്യൂട്ടർ പരിശോധിച്ചപ്പോഴാണ് പത്ത് വർഷത്തോളമായി നടന്നിരുന്ന ക്രൂരത പുറത്ത് വന്നത്. 72 പുരുഷൻമാർ 92 തവണയാണ് 72കാരിയെ പീഡിപ്പിച്ചത്. ഇതിൽ 51 പേരെ ഇതിനോടകം തിരിച്ചറിയാനായിട്ടുണ്ട്.
പാരീസ്: ഭാര്യയെ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം അജ്ഞാതരെ കൊണ്ട് പീഡിപ്പിച്ച ഭർത്താവിനെതിരെയുള്ള വിചാരണ ആരംഭിച്ചു. 72 കാരിയെ പത്ത് വർഷത്തോളം അജ്ഞാതരെ ഉപയോഗിച്ച് പീഡിപ്പിച്ച മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെയുള്ള വിചാരണയാണ് ആരംഭിച്ചത്. ഫ്രാൻസിലെ മാസാനിൽ വച്ചായിരുന്നു സ്ത്രീ ആക്രമിക്കപ്പെട്ടത്. അവിഗ്നോൻ പ്രവിശ്യയിൽ നിന്ന് 33 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു പീഡനം നടന്നത്.
മയക്കുമരുന്നുകളുടെ അമിത പ്രയോഗത്തിൽ തനിക്ക് നേരിട്ട പീഡനത്തേക്കുറിച്ച് തിരിച്ചറിയാതിരുന്ന സ്ത്രീ 2020ലാണ് പൊലീസിൽ പരാതിയുമായി എത്തിയത്. മൂന്ന് മക്കളുടെ സഹായത്തോടെയാണ് സ്ത്രീ പൊലീസ് സഹായം തേടിയത്. ഫ്രാൻസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊർജ്ജ സ്ഥാപനമായ ഇഡിഎഫിലെ ജീവനക്കാരനായിരുന്ന 71കാരനായ ഡൊമിനിക്കിനെതിരായ വിചാരണയാണ് നടക്കുന്നത്. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചതിന് പിന്നാലെ 2020ൽ സെക്യൂരിറ്റി ജോലിക്കാരനായി ഇയാൾ ജോലി ചെയ്തിരുന്ന ഷോപ്പിംഗ് സെന്ററിലെത്തിയ മൂന്ന് യുവതികളുടെ വസ്ത്രം മാറുന്ന ദൃശ്യം ചിത്രീകരിച്ചതിന് ഇയാൾ അറസ്റ്റിലായത്.
undefined
ഇതിന് പിന്നാലെ ഇയാളുടെ കംപ്യൂട്ടറിൽ നടത്തിയ പരിശോധനയിലാണ് പത്ത് വർഷത്തോളമായി ഇയാളുടെ ഭാര്യ നേരിട്ട ബലാത്സംഗം പുറത്തറിയുന്നത്. ഭാര്യയെ പലർ പീഡിപ്പിക്കുന്നതിന്റെ നൂറ് കണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് പൊലീസ് ഇയാളുടെ കംപ്യൂട്ടറിൽ നിന്ന് കണ്ടെത്തിയത്. പീഡന ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്ത്രീ തനിക്ക് നേരെ നടക്കുന്ന അതിക്രമം സ്ത്രീ അറിയുന്നില്ലെന്നും പൊലീസിന് വ്യക്തമായത്. 72 പുരുഷൻമാർ 92 തവണയാണ് 72കാരിയെ പീഡിപ്പിച്ചത്. ഇതിൽ 51 പേരെ ഇതിനോടകം തിരിച്ചറിയാനായിട്ടുണ്ട്.
26നും 74നും ഇടയിൽ പ്രായമുള്ള ആളുകളാണ് മയക്കി കിടത്തിയ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചത്. പത്ത് വർഷത്തോളം സമാനതയില്ലാത്ത ഈ ക്രൂരത നടന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. കോകോ എന്ന ചാറ്റിലൂടെയായിരുന്നു ഭാര്യയെ ബലാത്സംഗം ചെയ്യാനുള്ള ആളുകളെ ഡൊമിനിക് കണ്ടെത്തിയിരുന്നത്. സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മരുന്നുകളും മയക്കുമരുന്നുകളും വളരെ വിദഗ്ധമായി ഇയാൾ ഭാര്യയ്ക്ക് നൽകിയതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 2011ലാണ് അതിക്രമം ആരംഭിച്ചതെന്നാണ് ഇയാൾ വെളിപ്പെടുത്തിയിട്ടുള്ളത്. ഈ കാലത്ത് പാരീസിന് സമീപത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇതിന് 2 വർഷത്തിന് പിന്നാലെയാണ് ദമ്പതികൾ മാസാനിലേക്ക് മാറി താമസിക്കുന്നത്. ബലാത്സംഗത്തിൽ ചിലതിൽ ഭർത്താവും പങ്കെടുത്തതായാണ് പൊലീസ് കണ്ടെത്തിയത്.
പണം ലക്ഷ്യമിട്ടായിരുന്നില്ല ബലാത്സംഗമെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. മാധ്യമ പ്രവർത്തകൻ, അഗ്നിരക്ഷാ സേനാംഗം, ഒരു സ്വകാര്യ സ്ഥാപന മേധാവി, ഓൺലൈൻ ടാക്സി ഡ്രൈവർ അടക്കമുള്ളവർ ചേർന്നാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. ഭൂരിഭാഗം ആളുകളും ഒരു തവണയാണ് ഇവരെ പീഡിപ്പിച്ചത്. ചിലരെ വീണ്ടും വീണ്ടും ഭർത്താവ് വിളിച്ച് വരുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പലരോടും ഭാര്യയുടെ താൽപര്യത്തോടെയെന്നായിരുന്നു ആവശ്യം അറിയിച്ചുകൊണ്ട് ഇയാൾ വ്യക്തമാക്കിയിരുന്നത്. 1991ൽ കൊലപാതക കുറ്റവും പീഡനക്കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം