'നാട്ടുകാർ ഇടഞ്ഞു, സർക്കാർ അയഞ്ഞു'; നികുതി വർധനയ്ക്ക് പിന്നാലെ എംപിമാരുടെ ശമ്പള വർധനയും വെട്ടി കെനിയ

By Web TeamFirst Published Jul 4, 2024, 11:40 AM IST
Highlights

മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നിശ്ചയിച്ചിരുന്ന ശമ്പള വർധന മരവിപ്പിച്ച് വില്യം റൂട്ടോ

നെയ്റോബി: വോട്ട് ചെയ്ത ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നിശ്ചയിച്ചിരുന്ന ശമ്പള വർധന വെട്ടി കെനിയ. വലിയ രീതിയിൽ ജനത്തിന് നികുതി ഭാരം വരുന്ന ബിൽ അവതരിപ്പിച്ചതിന് പിന്നാലെ കെനിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്നത്. രാജ്യ വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ 23 പേരാണ് കെനിയയിൽ കൊല്ലപ്പെട്ടത്. വലിയ രീതിയിൽ നടന്ന പ്രതിഷേധത്തിനിടെ ജനക്കൂട്ടം പാർലമെന്‍റിന് തീയിടുന്ന അവസ്ഥയും രാജ്യത്തുണ്ടായിരുന്നു. 

ഇതിന് പിന്നാലെ നികുതി വർധിപ്പിക്കാനുള്ള തീരുമാനം കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംപിമാർക്കുള്ള ശമ്പള വർധന തീരുമാനം മരവിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് തീരുമാനമെന്നാണ് ബുധനാഴ്ച  ശമ്പള വർധന കമ്മീഷൻ വിശദമാക്കിയത്. എംപിമാർക്കൊപ്പം സർക്കാർ ജീവനക്കാർക്ക് തീരുമാനിച്ചിരുന്ന ശമ്പള വർധനയും മരവിപ്പിച്ചിരിക്കുകയാണ്. ജഡ്ജിമാർ അടക്കമുള്ള സർക്കാർ ജീവനക്കാർക്ക് 2 മുതൽ 5 വരെ ശതമാനം ശമ്പള വർധനയാണ് നികുതി വർധനയ്ക്കൊപ്പം കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പ്രഖ്യാപിച്ചത്. 

നിലവിലെ സാമ്പത്തിക സ്ഥിതിയിൽ രാഷ്ട്രീയ പ്രവർത്തകരുടേയും സർക്കാർ ജീവനക്കാരുടേയും ശമ്പളം വർധിപ്പിക്കുന്നത് എത്തരത്തിലാണെന്ന് പ്രതിഷേധക്കാർ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ ട്രെഷറിയുമായി ചർച്ച ചെയ്ത് ശമ്പള വർധന മരവിപ്പിച്ചു കൊണ്ടുള്ള  തീരുമാനത്തിലെത്തിയത്.  ജീവിത ചെലവുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നികുതി വർധന ജനങ്ങൾക്ക് താങ്ങാനാവില്ലെന്ന് നിരീക്ഷിച്ചാണ് പ്രസിഡന്റ് വില്യം റൂട്ടോ നികുതി വർധന പിൻവലിച്ചത്. നികുതി വർധന പിൻവലിക്കണമെന്ന് കെനിയൻ പാർലമെന്റിലെ ഭരണപക്ഷത്തെ ഏതാനും അംഗങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!