പാകിസ്ഥാനിലും 'കൂടത്തായി' മോഡൽ കൂട്ടക്കൊല; യുവതിയും പങ്കാളിയും കൊന്നത് മാതാപിതാക്കൾ ഉൾപ്പടെ 13 പേരെ!

By Web TeamFirst Published Oct 7, 2024, 6:47 PM IST
Highlights

ഒരു കുടുംബം ഒന്നാകെ മരണത്തിന് കീഴടങ്ങിയിട്ടും ഷെയ്‌സ്തയ്ക്ക് മാത്രം ഒന്നും സംഭവിക്കാത്തത് പൊലീസിൽ സംശയമുണ്ടാക്കി. പിന്നാലെ മരിച്ച രണ്ട് പേരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മാരക വിഷാംശം കണ്ടെത്തി.

ലാഹോർ: പാകിസ്ഥാനിൽ മാതാപിതാക്കളെ ഉൾപ്പെടെ കുടുംബത്തിലെ പതിമൂന്ന് പേരെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കുറ്റകൃത്യത്തിൽ പങ്കാളിയായ യുവാവും അറസ്റ്റിൽ. പാകിസ്ഥാനിലെ ഹൈബാത്ത്‌ ബ്രോഹി ഗ്രാമത്തിലാണ് കൂടത്തായി മോഡൽ കൂട്ടക്കൊല നടന്നത്. പ്രണയ ബന്ധത്തിൽ വീട്ടുകാർ എതിർപ്പറിയിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം നടന്നതെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപൂരിലാണ് നടുക്കുന്ന ക്രൂര കൃത്യം നടന്നത്.

സംഭവത്തിൽ ഷെയ്‌സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 19 നായിരുന്നു കൂട്ടുകുടുംബത്തിലെ 13 പേർ മരിച്ചത്. ഒൻപതുപേർ തത്ക്ഷണം മരിക്കുകയും മറ്റ് നാല് പേർ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. കൂട്ടമരണം ഭക്ഷ്യവിഷബാധ ഏറ്റായിരിക്കാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ ഒരു കുടുംബം ഒന്നാകെ മരണത്തിന് കീഴടങ്ങിയിട്ടും ഷെയ്‌സ്തയ്ക്ക് മാത്രം ഒന്നും സംഭവിക്കാത്തത് പൊലീസിൽ സംശയമുണ്ടാക്കി.

Latest Videos

പിന്നാലെ മരിച്ച രണ്ട് പേരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മാരക വിഷാംശം കണ്ടെത്തി. തുടർന്ന് ഉന്നത ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ നടന്ന വിശദമായ അന്വേഷണത്തിലാണ് ഷെയ്‌സ്ത കുടുങ്ങിയത്. പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് വിഷം കലർന്ന ഭക്ഷണം കഴിച്ചാണ് ഇവർ മരിച്ചതെന്ന് തെളിഞ്ഞതെന്ന് മുതിർന്ന പൊലീസ് ഓഫീസർ ഇനായത്ത് ഷാ പറഞ്ഞു. 

അമീറുമായുള്ള വിവാഹത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് ഷെയ്‌സ്ത പൊലീസിനോട് പറഞ്ഞു. ഭക്ഷണത്തിൽ ദ്രാവകം കലർത്തി നൽകാൻ അമീർ ബക്ഷ് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഷെയ്‌സ്തയുടെ മൊഴി. ഇതേ തുടർന്നാണ് അമീറിനെയും അറസ്റ്റ് ചെയ്തത്. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. വീട്ടിൽ റൊട്ടി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗോതമ്പിലാണ് യുവതി വിഷം കലർത്തിയതെന്ന് പൊലീസ് പറഞ്ഞു.

Read More: പുതിയ തട്ടിപ്പ്! വാഹനങ്ങൾക്ക് വിലയുറപ്പിക്കും, ചില്ലറ നൽകി കൊണ്ടുപോകും; പിന്നെ നടക്കുന്നത് ചതി, യുവാവ് പിടിയിൽ

click me!