ഇത്ര ചെറുപ്പത്തിലേയുള്ള ഷിറാസിൻ്റെ യാത്രയെക്കുറിച്ച് പ്രധാനമന്ത്രി ജിജ്ഞാസ പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ജന്മനാട്ടിലെ വ്ലോഗിംഗ് അനുഭവത്തെയും കുറിച്ചും അദ്ദേഹം അന്വേഷിച്ചു.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ വ്ലോഗർ മുഹമ്മദ് ഷിറാസ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ ഷിറാസ്, പ്രധാനമന്ത്രിയുടെ കസേരയിൽ ഇരുന്നു. ദൃശ്യങ്ങൾ തൻ്റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഷെയർ ചെയ്തു. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ഇസ്‌ലാമാബാദിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തൻ്റെ സഹോദരി മുസ്‌കാനൊപ്പമാണ് ഷിറാസ് എത്തിയത്.
ഇത്ര ചെറുപ്പത്തിലേയുള്ള ഷിറാസിൻ്റെ യാത്രയെക്കുറിച്ച് പ്രധാനമന്ത്രി ജിജ്ഞാസ പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ജന്മനാട്ടിലെ വ്ലോഗിംഗ് അനുഭവത്തെയും കുറിച്ചും അദ്ദേഹം അന്വേഷിച്ചു. പ്രോട്ടോക്കോളുകൾ മറികടന്നാണ് പ്രധാനമന്ത്രി ഷിറാസിനെ തൻ്റെ കസേരയിൽ ഇരിക്കാൻ അനുമതി നൽകിയത്. ഇന്ന് ഞാൻ പ്രധാനമന്ത്രിയാണെന്ന കമന്റോടെയാണ് ഷിറാസ് കസേരയിൽ ഇരുന്നത്. വീഡിയോ പാകിസ്ഥാൻ പ്രധാനമന്ത്രി തൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കുവെച്ചു.
വളരെ ചെറുപ്പത്തിൽ തന്നെ ലളിതവും എന്നാൽ ഗഹനവുമായ വീഡിയോകളിലൂടെ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ കുട്ടിയാണ് ഷിറാസ്. ഗിൽജിത്-ബാൾട്ടിസ്ഥാനിലെ ഖപ്ലു ഗ്രാമത്തിൽ നിന്നുള്ള 6 വയസ്സുകാരനാണ് ഷിറാസ്. 'ഷിറാസി വില്ലേജ് വ്ലോഗ്സ്' എന്ന യൂട്യൂബ് ചാനലിന് 1.18 ദശലക്ഷം വരിക്കാരുണ്ട്.