ദാവൂദ് ഇബ്രാഹിം മരിച്ചോ..? പാകിസ്ഥാനിൽ ഇന്റർനെറ്റിന് മെല്ലപ്പോക്ക്, സോഷ്യൽമീഡിയയും നിശ്ചലം 

By Web Team  |  First Published Dec 18, 2023, 3:43 PM IST

ദാവൂദ് സംഭവം പുറത്തുപോകാതിരിക്കാനാണ് ഇന്റർനെറ്റ് തടസ്സെമെന്നും സൂചനയുണ്ട്.  യുട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ പാകിസ്ഥാനിൽ നിശ്ചലമായ അവസ്ഥയാണ്.


ദില്ലി: ഇന്ത്യ തിരയുന്ന കുപ്രസിദ്ധ അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായി ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന റിപ്പോർട്ടുകൾക്കിടെ, പാകിസ്ഥാനിൽ ഇന്റർനെറ്റ് തടസ്സം നേരിടുന്നുവെന്ന് റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ട് മുതലാണ് ഇന്റർനെറ്റിന് തടസ്സം നേരിട്ടുതുടങ്ങിയത്. ഇതോടെ സമൂഹമാധ്യമങ്ങൾ  ഉപയോഗിക്കാനാകുന്നില്ല. ദാവൂദ് സംഭവം പുറത്തുപോകാതിരിക്കാനാണ് ഇന്റർനെറ്റ് തടസ്സെമെന്നും സൂചനയുണ്ട്.  യുട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ പാകിസ്ഥാനിൽ നിശ്ചലമായ അവസ്ഥയാണ്. കഴിഞ്ഞ ദിവസമാണ് അധോലോക നേതാവ് വിഷം ഉള്ളിൽച്ചെന്ന് അതീവ ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം പുറത്തുവന്നത്.

ശനിയാഴ്ച മുതൽ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യം പാക് അധികൃതർ മറച്ചുവെക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാനിലെ അപ്രഖ്യാപിച ഇന്റർനെറ്റ് നിരോധനവും ദാവൂദിന്റെ ആശുപത്രി വാസവുമായി ബന്ധമുണ്ടെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ,  പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ വിർച്വൽ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റർനെറ്റ് തടസമെന്നും ആരോപണമുണ്ട്. ഇമ്രാൻ ഖാൻ അനുയായികളെ ഓൺലൈൻ വഴി അഭിസംബോധന ചെയ്യുന്നത് തടയുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പിടിഐ ആരോപിച്ചു.  

Latest Videos

ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റെന്നതും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നതും ഉള്‍പ്പെടെയുള്ള ഒരു വിവരവും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഈ റിപ്പോര്‍ട്ടുകള്‍ തന്നെ പറയുന്നുണ്ട്. ദാവൂദിന് എങ്ങനെ വിഷബാധയേറ്റുവെന്നതോ അതിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളോ എവിടെയും ലഭ്യമായിട്ടുമില്ല. 

"രണ്ട് ദിവസം മുമ്പാണ് ദാവൂദ് ഇബ്രഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇപ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുന്നത്. ആശുപത്രിയിലെ ഒരു നില മുഴുവന്‍ ദാവൂദിനായി സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്ന് മറ്റ് രോഗികളെയും ജീവനക്കാരെയുമെല്ലാം മാറ്റി. ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഈ നിലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്." - റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പൊലീസ് ശ്രമം തുടങ്ങിയിയിട്ടുണ്ട്. ദാവൂദിന്റെ ബന്ധുക്കളായ അലിഷാ പര്‍ക്കര്‍, സാജിദ് വാംഗ്ലെ എന്നിവരില്‍ നിന്ന് വിവരം തേടാനാണ് പൊലീസിന്റെ ശ്രമം. ദാവൂദ് ഇബ്രഹീം രണ്ടാം വിവാഹത്തിന് ശേഷം കറാച്ചിയില്‍ താമസിക്കുകയാണെന്ന് സഹോദരി ഹസീന പര്‍ക്കര്‍ ജനുവരിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നു.

click me!