പെട്രോൾ വില വർധിപ്പിക്കാനൊരുങ്ങി പാകിസ്ഥാൻ; ഒരു ലിറ്ററിന്റെ വില കേട്ടാല്‍ ഞെട്ടും, നട്ടംതിരിഞ്ഞ് ജനങ്ങൾ

By Web TeamFirst Published Oct 12, 2024, 4:11 PM IST
Highlights

പെട്രോൾ വില ലിറ്ററിന് 5 രൂപയും ഡീസലിന് 13 രൂപയും ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ പാകിസ്ഥാൻ പെട്രോൾ വില വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ വർധനവിന് അനുസൃതമായി പാകിസ്ഥാൻ സർക്കാർ പെട്രോൾ വില ലിറ്ററിന് 5 രൂപയും ഡീസലിന് 13 രൂപയും ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 15ന് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. 14ന് വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായേക്കും. 

ഒക്ടോബർ ഒന്നിന്, രണ്ടാഴ്ചത്തേക്ക് പാക് സർക്കാർ പെട്രോൾ വില ലിറ്ററിന് 2.07 രൂപ കുറച്ചിരുന്നു. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 249.10 രൂപയിൽ നിന്ന് 247.03 രൂപയായി കുറഞ്ഞു. ഇറക്കുമതി ചെയ്യുന്ന എണ്ണയെയാണ് പാകിസ്ഥാൻ വൻതോതിൽ ആശ്രയിക്കുന്നത്. അതിനാലാണ് അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടം രാജ്യത്തെ എണ്ണ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നത്. 1956ലെ സൂയസ് പ്രതിസന്ധി, ആറ് ദിവസം നീണ്ടുനിന്ന 1967ലെ യുദ്ധം, 1979ലെ ഇറാനിയൻ വിപ്ലവം, ഗൾഫ് പ്രതിസന്ധി എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. 

Latest Videos

നിലവിൽ പെട്രോളിൻ്റെ ശരാശരി അന്താരാഷ്ട്ര വില ബാരലിന് 76 ഡോളറിൽ നിന്ന് ഏകദേശം 79 ഡോളറായി ഉയർന്നതായാണ് റിപ്പോർട്ട്. ഇതേ കാലയളവിൽ എച്ച്എസ്ഡി വില ബാരലിന് ഏകദേശം 80.50 ഡോളറിൽ നിന്ന് 87.50 ഡോളറായി ഉയർന്നു. നിലവിൽ പാകിസ്ഥാനിൽ പെട്രോളിന് 247 രൂപയും ഡീസലിന് 259 രൂപയുമാണ് വില. കാലാവസ്ഥാ വ്യതിയാനം, വിലക്കയറ്റം, അന്താരാഷ്‌ട്ര വിപണിയിലെ ചാഞ്ചാട്ടം തുടങ്ങിയ പ്രതിസന്ധികളിൽ നട്ടംതിരിയുന്ന പാകിസ്ഥാനിലെ ജനങ്ങൾക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയായി തീരുമെന്ന് ഉറപ്പാണ്.  

READ MORE: സൈനിക മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണം; ഇസ്രായേലിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഹിസ്ബുല്ല

click me!