പാക് ചെക്പോസ്റ്റിൽ തീവ്രവാദി ആക്രമണം, 16 സൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തമേറ്റ് പാക് താലിബാൻ

By Web Team  |  First Published Dec 22, 2024, 9:17 AM IST

അഫ്ഗാൻ അതിർത്തിയിലെ ചെക്പോസ്റ്റിനെ നേരെയാണ് തീവ്രവാദ ആക്രമണം ഉണ്ടായത്. എട്ട് തീവ്രവാദികൾ വെടിവയ്പിൽ കൊല്ലപ്പെട്ടതായാണ് പാക് സൈന്യം വിശദമാക്കുന്നത്


ഇസ്ലാമബാദ്: പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിൽ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 16 പാക് സൈനികർ കൊല്ലപ്പെട്ടു. പാക് സൈനികരുടെ ആക്രമണത്തിൽ 8 തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീവ്രവാദ ആക്രമണങ്ങൾ മേഖലയിൽ പതിവാകുന്നതിനിടെയാണ് ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണം. അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള തെക്കൻ വസിരിസ്ഥാൻ ജില്ലയിലെ മകീനിലെ ലിതാ സർ ചെക്ക് പോസ്റ്റിന് നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്. 

അഫ്ഗാൻ അതിർത്തിയിലുള്ള പാക് മേഖലകളിൽ തീവ്രവാദി ആക്രമണങ്ങൾ പതിവാണ്. പാക് സൈന്യത്തിനെ ലക്ഷ്യമിട്ടുള്ള ആക്രമണവും ഈ മേഖലയിൽ പതിവാണ്. സുരക്ഷാ ഉദ്യോഗസ്ഥരേയും സൈനികരേയും ചെക്ക് പോസ്റ്റുകളേയും ടിടിപി അടക്കമുള്ള തീവ്രവാദ സംഘടനകളാണ് ലക്ഷ്യമിടുന്നത്. സർക്കാർ ഓഫീസുകൾക്കെതിരായ ആക്രമണങ്ങൾക്ക് പുറമേയാണ് പാക് താലിബാന്റെ ഈ ആക്രമണങ്ങൾ. 

Latest Videos

undefined

ചെക്ക് പോസ്റ്റിലേക്ക് പെട്ടന്നുണ്ടായ ആക്രമണത്തിൽ 16 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. മേഖലയിൽ സൈന്യം തെരച്ചിൽ ശക്തമാക്കിയതായാണ് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗം വിശദമാക്കിയിട്ടുള്ളത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ത സൈനിക നടപടികളിലായി 11 തീവ്രവാദികളെയാണ് പാകിസ്ഥാനിൽ സൈന്യം വധിച്ചത്. ഇതിനുള്ള പ്രത്യാക്രമണമാണ് സംഭവമെന്നാണ് ശനിയാഴ്ചത്തെ ആക്രമണമെന്നാണ് പാക് താലിബാൻ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!