
ഇസ്‌ലാമാബാദ്: വർഷങ്ങളായി പാകിസ്ഥാൻ ഭീകരവാദത്തെ പിന്തുണക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ മന്ത്രിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അമേരിക്കക്കും പാശ്ചാത്യ ശക്തികൾക്കും വേണ്ടി വൃത്തികെട്ട ജോലി ചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിലും 9/11 ന് ശേഷം താലിബാനെതിരെ യുഎസ് നയിച്ച യുദ്ധത്തിലും പാകിസ്ഥാൻ പടിഞ്ഞാറൻ രാജ്യങ്ങളുമായി ചേർന്നിരുന്നില്ലെങ്കിൽ പാകിസ്ഥാന്റെ ട്രാക്ക് റെക്കോർഡ് കുറ്റപ്പെടുത്താനാവാത്തതായിരിന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
26 സാധാരണക്കാരെ വെടിവച്ചു കൊന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം സമ്മതിച്ചത്. പാകിസ്ഥാന്റേത് കുറ്റമറ്റ ട്രാക്ക് റെക്കോർഡല്ലെന്നും യുഎസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്കു വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര യുദ്ധം മുറുകുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. അതിർത്തിക്കപ്പുറത്തുള്ള ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ പിന്തുണ നൽകുകയും ധനസഹായം നൽകുകയും ചെയ്യുന്നെന്ന് ഇന്ത്യ വളരെക്കാലമായി ആരോപിച്ചുവരികയാണ്.
സോവിയറ്റ് യൂണിയനെതിരെ പോരാടുന്നതിന് സായുധ തീവ്രവാദികളെ പരിശീലിപ്പിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്തുകൊണ്ട് പാകിസ്ഥാൻ സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണച്ചു. സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുകയും താലിബാൻ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണങ്ങൾ ലോകത്തെ നടുക്കുന്നതുവരെ ഒരു ദശാബ്ദക്കാലം താലിബാൻ അഫ്ഗാനിൽ ഭരണം തുടർന്നു. ഒസാമ ബിൻ ലാദന്റെ അൽ-ഖ്വയ്ദയ്ക്ക് അഫ്ഗാനിസ്ഥാനിൽ താലിബാൻ അഭയം നൽകി. 2001 സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടത്തി 2,996 പേരെ കൊലപ്പെടുത്തി. പിന്നീട് അഫ്ഗാനിൽ നിന്ന് താലിബാനെ തുരത്താൻ പാകിസ്ഥാൻ അമേരിക്കയെ പിന്തുണച്ചു.
ഇന്ത്യയ്‌ക്കെതിരെ സ്വന്തം മണ്ണിൽ തീവ്രവാദികളെ പിന്തുണയ്ക്കുകയും, ധനസഹായം നൽകുകയും, പരിശീലനം നൽകുകയും ചെയ്ത പാകിസ്ഥാൻ, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ പിന്തുണക്കുകയും ചെയ്തു. ഭീകരൻ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam