Ukraine Crisis: ഓപറേഷൻ ഗംഗ പൂർണതയിലേക്ക്; ഇന്ത്യൻ വിദ്യാർഥികൾ നാടണഞ്ഞു; തീരാനോവായി കൊല്ലപ്പെട്ട നവീൻ

By Prasanth Reghuvamsom  |  First Published Mar 11, 2022, 7:14 AM IST

സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ സംഘം രാവിലെയോടെ ദില്ലിയിലെത്തിയിട്ടുണ്ട്. പോളണ്ടിൽ നിന്നു പുറപ്പെട്ട
എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ദില്ലിയിലെത്തിയത്


പോളണ്ടിൽ നിന്ന് പ്രശാന്ത് രഘുവംശം

പോളണ്ട്: സുമിയിൽ(sumi) നിന്നുള്ള വിദ്യാർഥികളെല്ലാം (students)ഇന്ത്യയിലേക്ക്(india) മടങ്ങിയതോടെ ഓപറേഷൻ ഗംഗ(operation ganga) ദൗത്യം ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. ആശങ്കയോടെ യുക്രെയ്നിലെ പല ന​ഗരങ്ങളിലും തങ്ങിയ 18000ൽ അധികം ഇന്ത്യൻ വിദ്യാർഥികളെയാണ് കേന്ദ്ര സർക്കാരിന്റെ ഓപറേഷൻ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്. ഷെല്ലാക്രമണം നടക്കുന്ന മേഖലകളിലടക്കം ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ചവർ വളരെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. ഒരു ഘട്ടത്തിൽ ഭക്ഷണവും കുടിവെള്ളവും വരെ തീർന്നവരും ഇക്കൂട്ടത്തിലുണ്ട്.  കിലോമീറ്ററുകൾ നടന്നും മറ്റും അതി‌ർത്തികളിലെത്തിയവരുമുണ്ട്. വളർത്തു മൃ​ഗങ്ങളെ ഒപ്പം കൂട്ടാൻ വസ്ത്രങ്ങളും  ഭക്ഷണവും ഉപേക്ഷിച്ചെത്തിയ മലയാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്. 

Latest Videos

undefined

സുമിയിൽ ഇന്ത്യക്കാരെ കവചമാക്കിയെന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർഥി അനന്തു കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടക്കത്തിൽ നഗരം വിടാൻ കഴിയാത്തത് പ്രാദേശികവാസികൾ തടഞ്ഞതു കൊണ്ടാണെന്നും അനന്തു പോളണ്ടിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ സംഘം രാവിലെയോടെ ദില്ലിയിലെത്തിയിട്ടുണ്ട്. പോളണ്ടിൽ നിന്നു പുറപ്പെട്ട
എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ദില്ലിയിലെത്തിയത്

സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ നിർണായക പങ്ക് സ്റ്റുഡൻറ് കോർഡിനേറ്ററായ രനീഷ് ജോസഫിനുണ്ട്. കൈക്കുഞ്ഞുമായി യുക്രയിൻ വിടേണ്ടി വന്ന റനീഷാണ് നിരവധി വിദ്യാർത്ഥികൾക്ക് പിടിച്ചു നിൽക്കാനുള്ള ധൈര്യം പകർന്നത്. 

ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യയുേയും യുക്രെയ്ന്റേയും പിന്തുണ ഇന്ത്യ തേടി.  പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായും സെലസ്കിയുമായും പലവട്ടം ചർച്ച നടത്തി. തുടർന്നാണ് കീവിലും കാർഖീവിലും സുമിയലും അടക്കം ന​ഗരങ്ങളിൽ റഷ്യ താൽകാലിക വെടി നിർത്തൽ പ്രഖ്യാപിച്ചത്. വിദ്യാർഥികളെ അതിർത്തികളിലേക്ക് എത്തിക്കാൻ സുരക്ഷിത ഇടനാഴിയും ഒരുക്കി. ഇതോടെ ഓപറേഷൻ ദൗത്യം വേ​ഗത്തിലായി

ഓപറേഷൻ ദൗത്യത്തിന് വേ​ഗം കൂട്ടാനും വിദ്യാർഥികളുടെ അടക്കം ആശങ്ക പരിഹരിക്കാനും കേന്ദ്രമന്ത്രിമാർ തന്നെ നേരിട്ട് അതിർത്തി മേഖലകളിലെത്തി ഓപറേഷൻ ദൗത്യത്തിന്റെ ഭാ​ഗമായി. ഇതിനിടെ സാധനം വാങ്ങാൻ ക്യൂ നിന്ന ഇന്ത്യൻ വിദ്യാർഥി കർണാടക സ്വദേശി നവീൻ ഷെല്ലാക്രമണത്തിൽ മരിച്ചത് തീരാ‌നോവായി .

ഓപറേഷൻ ദൗത്യത്തിന്റെ ഭാ​ഗമായി അതിർത്തികളിൽ നിന്ന് വിദ്യാർഥികളെ ഇന്ത്യയിലെത്തിക്കാൻ സ്വകാര്യ വിമാനങ്ങളാണ് ആദ്യം തയാറായത്. പിന്നീട് വ്യോമ സേനയുടെ വിമാനങ്ങളും എത്തി. 

ഇതിനിടെ റഷ്യ യുക്രെയ്ൻ യുദ്ധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ പലവട്ടം യുക്രെയ്ൻ റഷ്യ സമാധാന ചർച്ച നടന്നു. ഒന്നിലും തീരുമാനമാകാതെ പിരിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ വെടിനിർത്തൽ അഭ്യർഥന റഷ്യ തള്ളിയെന്ന് യുക്രെയ്ൻ പറയുന്നു. നാല് ലക്ഷം പേർ കുടുങ്ങി കിടക്കുന്ന മരിയുപോളിൽ നിന്നുൾപ്പെടെ ജനങ്ങളെ ഒഴിപ്പിക്കാൻ വെടി നിർത്തണമെന്ന ആവശ്യമാണ് റഷ്യ തള്ളിയത്.

ഇതിനിടെ മരിയുപോളിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ ഉണ്ടായ ബോംബാക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കീവ് അടക്കം പല ന​ഗരങ്ങളും ഇപ്പോൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. 

ആശങ്കയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി;ചെർണോബിലെ ആണവോർജ നിലയവുമായുള്ള ബന്ധം നിലച്ചു
വിയന്ന: ചെർണോബിലെ(CHERNOBYL) ആണവോർജനിലയവുമായുള്ള ബന്ധം( nuclear power plant )പൂർണമായും നഷ്ടപ്പെട്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി(international atomic energy agency). കഴിഞ്ഞ ഒരാഴ്ചയായി ചെർണോബിലെ ആണവോർജ നിലയത്തിൽ നിന്നുള്ള വിവരങ്ങൾ ഒന്നും ഏജൻസിക്ക് ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റഫേൽ ​ഗ്രോസി അറിയിച്ചു. ഇപ്പോൾ പ്രവർത്തന ക്ഷമമല്ലെങ്കിലും കഴിഞ്ഞ ഒരാഴ്ച മുമ്പ് വെര സുരക്ഷാ വിവരങ്ങൾ കിട്ടിയിരുന്നു. സുരക്ഷാ വിവരങ്ങൾ നിലച്ചോതോടെ കടുത്ത ആശങ്കയിലാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി. 

ആണവ ദുരന്തത്തിന് ശേഷം 1986 മുതൽ അടച്ചിട്ടിരിക്കുകയാണ് ചെർണോബിലെ ആണവോർജ നിലയം. എങ്കിലും കൃത്യമായ സുരക്ഷാ വിവരങ്ങൾ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക്  ലഭിച്ചിരുന്നു. പ്രവർത്തനം ഇല്ലെങ്കിലും ആണവ വികിരണത്തിന്റെ തോത് അടക്കം നിർണായക വിവരങ്ങൾ വിലയിരുത്തേണ്ടതുണ്ട്.എന്നാൽ വിവരങ്ങൾ ലഭിക്കുന്നത് ഒരാഴ്ചയായി നിലച്ചതോടെ കടുത്ത ആശങ്കയുണ്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക്. പ്രവർത്തനം ഇല്ലെങ്കിലും 200 സുരക്ഷാ ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 2000 ആളുകളും ഇവിടങ്ങളിലായി ഉണ്ട്. ആണവ വികിരണത്തിന്റെ തോത് , ഇവരുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ കടുത്ത ആശങ്കയാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി പങ്കുവച്ചിരിക്കുന്നത്.

റഷ്യ യുക്രെയ്നിലെ യുദ്ധം തുടങ്ങിയ ശേഷം റഷ്യൻ സൈന്യം ആണവ നിലയം പിടിച്ചെടുത്തിരുന്നു. റഷ്യൻ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാണ് ഇപ്പോൾ ചെർണോബിലെ ആണവോർജ നിലയം. വിവരം ലഭിക്കാത്തതിനെ കുറിച്ച് പ്രതികരിക്കാൻ പക്ഷേ റഷ്യ തയാറായിട്ടില്ല

റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ നാറ്റോ നേരിട്ട് പങ്കു ചേരേണ്ടതില്ല

പോളണ്ട് : റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ നാറ്റോ നേരിട്ട് പങ്കു ചേരേണ്ടതില്ലെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് അം​ഗം മാൾട്ടി ഗലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോകം ഒറ്റക്കെട്ടായി റഷ്യയെ സമ്മർദത്തിലാക്കണമെന്നും ഗലി നിർദേശിച്ചു. യൂറോപ്യൻ യൂണിയൻ യുക്രെയ്ൻ ജനതയ്ക്കൊപ്പം ഉറച്ചു നിൽക്കുമെന്നും യൂറോപ്യൻ യൂണിയൻ പാർലമെന്റ് അം​ഗം മാൾട്ടി ഗലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോളണ്ട് അതിർത്തിയായ മെഡിക്കയിൽ എത്തിയതായിരുന്നു യൂറോപ്യൻ യൂണിയൻ പാർലമെന്റ് അം​ഗം മാൾട്ടി ഗലി 
 

click me!