ഏതാണ്ട് രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള ഓഡിയോ റെക്കോർഡാണ് പരിശോധിച്ചത്. ഒരു മിനിറ്റ് മുമ്പ് മാത്രമാണ് പൈലറ്റും കോപൈലറ്റും വിമാനം വളരെ പെട്ടെന്ന് താഴേക്ക് വരുന്നതായി തിരിച്ചറിയുന്നത്.
സാവോ പോളോ: ബ്രസീലിൽ കഴിഞ്ഞയാഴ്ച 62 പേരുടെ മരണത്തിൽ കലാശിച്ച വിമാനാപകടത്തിൽ ബ്ലാക് ബോക്സ് പരിശോധന നടത്തി. വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ നടന്ന സംഭവങ്ങളുടെ എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും വലിയ അപകടത്തിന് കാരണമായത് എന്താണെന്നത് സംബന്ധിച്ച നിർണായക വിവരങ്ങളൊന്നും അതിൽ നിന്ന് നേരിട്ട് ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക ടെലിവിഷനായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നു. വിമാനം തകർന്നുവീഴുന്നതിന് ഒരു മിനിറ്റ് മുമ്പ് മാത്രമാണ് പൈലറ്റും കോപൈലറ്റും വിമാനം വളരെ പെട്ടെന്ന് താഴേക്ക് വരുന്നതായി തിരിച്ചറിഞ്ഞതെന്നും കോക്പിറ്റ് വോയിസ് റെക്കോർഡർ സൂചിപ്പിക്കുന്നു.
വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഏജൻസികളെ ഉദ്ധരിച്ചാണ് ബ്രസീലിലെ പ്രാദേശിക മാധ്യമങ്ങൾ അപകട കാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏതാണ്ട് രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള ഓഡിയോ റെക്കോർഡാണ് പരിശോധിച്ചത്. ഇതിൽ എന്താണ് സംഭവിക്കുന്നതെന്ന് പൈലറ്റ് സഹ-പൈലറ്റിനോട് ചോദിക്കുന്നതും കൂടുതൽ 'പവർ' ആവശ്യമുണ്ടെന്ന് മറുപടി നൽകുന്നതും ഇതിൽ കേൾക്കാം. ഇതിനപ്പുറം എന്തെങ്കിലും അത്യാഹിത സാഹചര്യങ്ങളുണ്ടായതായോ കാലാവസ്ഥയിൽ പ്രശ്നങ്ങളുണ്ടെന്നോ തരത്തിലുള്ള വിവരങ്ങളില്ല. ഇത്തരത്തിലുള്ള വിവരങ്ങളൊന്നും പൈലറ്റുമാർ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വെള്ളിയാഴ്ച തന്നെ ബ്രസീലിയൻ വ്യോമസേനയും അറിയിച്ചിരുന്നു.
undefined
ഓഡിയോ റെക്കോർഡിങ് പരിശോധിച്ചതിൽ നിന്ന് കാര്യമായ നിഗമനത്തിൽ എത്താൻ കഴിയുന്ന ശബ്ദങ്ങളോ തീപിടുത്തമോ വൈദ്യുത തകരാറുകളോ എഞ്ചിൻ ബ്രേക്ക് ഡൗണോ സൂചിപ്പിക്കുന്ന മുന്നറിയിപ്പുകളോ കേൾക്കാനില്ല. അതേസമയം വോയിസ് റെക്കോർഡിങ് കൃത്യമായി കേൾക്കാൻ കഴിയാത്ത തരത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. വിമാനത്തിന്റെ ചിറകിന് സംഭവിച്ച തകരാറായിരിക്കാം വലിയ അപകടത്തിലേക്ക് നയിച്ചതെന്ന നിഗമനം ശരിയാണോ തെറ്റാണോ എന്ന് പറയാൻ ഈ സാഹചര്യത്തിൽ കഴിയില്ലെന്നും അന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു. വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരമൊരു നിഗമനത്തിൽ ചില വ്യോമയാന വിദഗ്ധർ എത്തുന്നത്. അതേസമയം അപകടകാരണം സംബന്ധിച്ച ഔദ്യോഗികമായ ഒരു വിശദീകരണവും ഇതുവരെ ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം