
കീവ്: ഗാസയുടെ മൂന്നിലൊന്ന് ഭാഗവും പൂര്‍ണമായി ഇസ്രയേല്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും തെക്കന്‍ ഗാസയിലെ വിഭജന രേഖയായ മൊറാഗ് ഇടനാഴി വികസിപ്പിക്കുകയാണെന്നും വ്യക്തമാക്കി ഇസ്രയേല്‍. ഈജിപ്ഷ്യൻ അതിർത്തിയോടുചേർന്ന റാഫയ്ക്കും തെക്കൻ ഗാസയിലെ വലിയ നഗരമായ ഖാൻ യൂനിസിനുമിടയിലാണ് ഇടനാഴി നിര്‍മ്മിച്ചിട്ടുള്ളത്.
ഇസ്രയേല്‍ പുറത്തുവിട്ട ഒരു ഇന്‍ഫോഗ്രാഫിക് വീഡിയോയില്‍ റാഫയെയും ഖാന്‍ യൂനിസിനെയും വിഭജിക്കുന്ന മൊറാഗ് ഇടനാഴി കാണാം. മൊറാഗ് പണ്ടുണ്ടായിരുന്ന ഇസ്രയേലി കുടിയേറ്റ കേന്ദ്രമാണ്. പലസ്തീന്‍ നഗരങ്ങളായ ഖാൻ യൂനിസിനും റഫാക്കും ഇടയിലായിരുന്നു അത്. ഇങ്ങനെയൊരു ഇടനാഴി സ്ഥാപിച്ചതില്‍ ഗാസയുടെ സുഫ അതിർത്തിയും മൊറാഗുമായി ബന്ധിപ്പിച്ചിരുന്ന പഴയ വഴി തുറക്കൽ കൂടിയായിരുന്നു ലക്ഷ്യം. മൊറാഗ് ഇടനാഴി നിര്‍മ്മിച്ചതോടെ ഗാസ തെക്ക് - വടക്ക് - മധ്യം എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു. ഇതോടെ നഗരങ്ങളിലൂടെ ഗാസക്കാർക്ക് യാത്രകൾ അസാധ്യമായിരിക്കുകയാണ്.
ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട സിറ്റിയായിരുന്ന ഖാന്‍ യൂനിസ് തകര്‍ന്ന് തരിപ്പണമായി ഒന്നും അവശേഷിക്കാത്ത പ്രേതനഗരമായി മാറിയ കാഴ്ച ഇസ്രയേല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. അവശേഷിക്കുന്ന ഗാസയെ രണ്ടായി വിഭജിക്കുകയും ബന്ദികളെ തിരിച്ച് കിട്ടുന്നതുവരെ ആക്രമണം രൂക്ഷമാക്കുകയുമാണ് ലക്ഷ്യമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിട്ടുണ്ട്.
2023 ഒക്ടോബർ 7 ന് ആരംഭിച്ച യുദ്ധവും തുടര്‍ന്നുണ്ടായ വംശഹത്യയെ സംബന്ധിക്കുന്ന എല്ലാ ആരോപണങ്ങളും ഇസ്രായേൽ നിരന്തരം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നര വര്‍ഷമായി ആക്രമം തുടരുകയാണ്. 50,000 ത്തിലധികം ആളുകള്‍ മരിച്ചു എന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മാര്‍ച്ച് 18 ന് വീണ്ടു ആരംഭിച്ച വ്യോമാക്രമണം ഇന്നും ഗാസയില്‍ തുടരുകയാണ്. യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പ്രതിസന്ധിയില്‍ കൂടിയാണ് ഗാസ നിലവില്‍ കടന്നുപോകുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam