രാത്രി കാലത്ത് പുറം കടലിൽ പതിവ് നിരീക്ഷണം നടത്തുകയായിരുന്ന ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടതെന്ന് പ്രതിരോധ മന്ത്രി
ടോക്കിയോ: ജപ്പാനിൽ നിരീക്ഷണ പറക്കലിന് ഇറങ്ങിയ നാവിക സേനാ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ഏഴുപേരെ കാണാതായി. ശനിയാഴ്ച രാത്രി നിരീക്ഷണ പറക്കൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഹെലികോപ്ടറുകളിൽ നിന്നുള്ള ഒരാളുടെ മൃതദേഹം ഇതിനോടകം കണ്ടെത്തിയതായി ജപ്പാൻ ആഭ്യന്തര മന്ത്രി വിശദമാക്കി. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും ഹെലികോപ്ടറിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നുമാണ് പ്രതിരോധ മന്ത്രി മിനോരു കിഹാര വിശദമാക്കിയത്.
രാത്രി കാലത്ത് പുറം കടലിൽ പതിവ് നിരീക്ഷണം നടത്തുകയായിരുന്ന ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടതെന്നും മിനോരു വ്യക്തമാക്കി. ഹെലികോപ്ടറിലെ റെക്കോർഡറുകൾ ഇതിനോടകം കണ്ടെത്താനായിട്ടുണ്ടെന്നും അപകട കാരണമെന്താണെന്ന് കണ്ടെത്താനായി ഇതിലെ ഡാറ്റ പരിശോധിക്കുകയാണെന്നും മിനോരു പ്രതികരിച്ചു.
പസഫികിലെ ഇസു ദ്വീപിന് സമീപത്തായാണ് അപകടമുണ്ടായത്. രാത്രി 10.38 ഓടെയാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലൊന്നുമായുള്ള ബന്ധം നഷ്ടമായത്. ഇതിന് പിന്നാലെ 25 മിനിറ്റുകൾക്ക് ശേഷമാണ് രണ്ടാമത്ത ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായത്. മിറ്റ്സുബിഷി എസ് എച്ച് 60 കെ വിഭാഗത്തിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടറുകൾ അപകടത്തിൽപ്പെട്ട സമയത്ത് മറ്റ് വിമാനങ്ങളോ കപ്പലുകളോ ഈ മേഖലയിലുണ്ടായിരുന്നില്ലെന്നാണ് ജപ്പാൻ നാവിക സേന വിശദമാക്കുന്നത്. 2023 ഏപ്രിലിൽ ജാപ്പനീസ് സേനാ ഹെലികോപ്ടർ മിയാകോ ദ്വീപിന് സമീപം തകർന്ന് വീണ് പത്ത് പേർ കൊല്ലപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം