150ലേറെ സെർവറുകൾ, ഹാക്ക് ചെയ്തത് 19 ദശലക്ഷം ഐപികൾ, ലോകത്തിലെ ഏറ്റവും വലിയ ബോട്ട്നെറ്റ് തകർത്തെന്ന് യുഎസ്

By Web Team  |  First Published May 30, 2024, 2:35 PM IST

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ഓളം സെർവറുകളാണ് ഈ ബോട്ട് നെറ്റിലുണ്ടായിരുന്നത്. 200 രാജ്യങ്ങളിലായി 19 ദശലക്ഷം ഐപി അഡ്രസുകളിലേക്കാണ് ഈ ബോട്ട് നെറ്റ് സഹായത്തോടെ ഹാക്കർമാർ നുഴഞ്ഞുകയറിയത്. 


ന്യൂയോർക്ക്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ബോട്ട്നെറ്റ് തകർത്തെന്ന അവകാശവാദവുമായി അമേരിക്ക. ലോകത്തിലെ പലയിടങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിൽ നിന്നായി 5.9 ബില്യൺ യുഎസ് ഡോളർ തട്ടിയെടുക്കുകയും നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്ത ബോട്ട്നെറ്റ് ആണ് തകർത്തതെന്നാണ് അമേരിക്കൻ നീതി വകുപ്പ് വിശദമാക്കിയത്. അമേരിക്കൻ നീതി വകുപ്പും എഫ്ബിഐയും മറ്റ് അന്താരാഷ്ട്ര ഏജൻസികളുടേയും പങ്കാളിത്തത്തോടെയായിരുന്നു ഓപ്പറേഷൻ. 

ചൈനീസ് പൌരനായ യുൻഹി വാംഗ് എന്നയാളെ ഈ ബോട്ട് നെറ്റ് നിർമ്മിച്ചതിനും പ്രവർത്തിപ്പിച്ചതിനും അറസ്റ്റ് ചെയ്തതായും അമേരിക്ക വിശദമാക്കി. ചൈനീസ് പൌരത്വത്തിന് പുറമേ ഇയാൾക്ക് കരീബിയൻ ദ്വീപായ സെന്റ് കിറ്റ്സ് ആൻഡ് നെവിസിലേയും  പൌരത്വമുണ്ടെന്നാണ് യുഎസ് വിശദമാക്കുന്നത്. മാൽവെയറുകൾ നിറഞ്ഞ കംപ്യൂട്ടർ ശൃംഖലയേയാണ് ബോട്ട്നെറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. 

Latest Videos

ക്രിമിനൽ ഗൂഡാലോചന, വഞ്ചന, സാമ്പത്തിക കുറ്റകൃത്യം അടക്കമുള്ള കുറ്റങ്ങളാണ് പിടിയിലായ ചൈനീസ് സ്വദേശിക്ക് നേരെ ചുമത്തിയിട്ടുള്ളത്. 65 വർഷത്തോളം ശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങളാണ് നിലവിൽ ഇയാൾക്കെതിരെയുള്ളത്. 2014 നും 2022നും ഇടയിൽ നിർമ്മിച്ച ഈ ബോട്ട് നെറ്റിന് 911എസ് 5 എന്നാണ് പേര് നൽകിയിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ഓളം സെർവറുകളാണ് ഈ ബോട്ട് നെറ്റിലുണ്ടായിരുന്നത്. 200 രാജ്യങ്ങളിലായി 19 ദശലക്ഷം ഐപി അഡ്രസുകളിലേക്കാണ് ഈ ബോട്ട് നെറ്റ് സഹായത്തോടെ ഹാക്കർമാർ നുഴഞ്ഞുകയറിയത്. 

സൈബർ ആക്രമണങ്ങൾ,  വലിയ രീതിയിലെ സാമ്പത്തിക തട്ടിപ്പ്, കുട്ടികളെ ദുരുപയോഗം, അപമാനിക്കൽ, ബോംബ് ഭീഷണികൾ അടക്കമുള്ള കുറ്റകൃത്യങ്ങളാണ് ഈ ബോട്ട്നെറ്റിന്റെ സഹായത്തോടെ നടന്നിരുന്നത്. ഹാക്ക് ചെയ്ത ഐപിയിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം തൊഴിലില്ലായ്മ ഇൻഷുറൻസ് ക്ലെയിമുകൾ ഒരുമിച്ചെത്തിയതാണ് ബോട്ട്നെറ്റിലേക്കുള്ള പിടിവീഴാനുള്ള സാഹചര്യമൊരുക്കിയത്. 9 ദശലക്ഷം ഡോളറാണ് തൊഴിലില്ലായ്മ ഇൻഷുറൻസ് ക്ലെയിം തട്ടിപ്പിലൂടെ ബോട്ട്നെറ്റ് തട്ടിയത്. 

മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകളുടെ സഹായത്തോടെ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ സൈബർ ക്രിമിനലുകൾക്ക് ഈ ബോട്ട് നെറ്റ് സഹായം നൽകുകയും ചെയ്തിരുന്നു. 99ദശലക്ഷം ഡോളറിനായിരുന്നു സൈബർ കുറ്റവാളികൾക്ക് ഐപി അഡ്രസുകൾ അറസ്റ്റിലായ ചൈനീസ് പൌരൻ വിറ്റിരുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. യുഎഇ, തായ്ലാൻഡ്, സിംഗപ്പൂർ, ചൈന. അമേരിക്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നീ രാജ്യങ്ങളിലടക്കം ഇയാൾ വസ്തു വകകളും വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായെന്നാണ് അമേരിക്ക വിശദമാക്കുന്നത്.  റോൾസ് റോയിസും ഫെറാരിയും റോളക്സ് അടക്കമുള്ള ആഡംബര വാച്ചുകൾക്കും പുറമേ 60 ദശലക്ഷം ഡോളറുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!