5 മുതൽ 10 വരെ പ്രായമുളള കുട്ടികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് ഉള്ളതെന്ന് താലിബാൻ
കാബൂൾ: കളിക്കുന്നതിനിടെ കണ്ടെത്തിയത് കുഴിബോംബ്. അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ഒൻപത് കുട്ടികൾ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ഗെരോയിലാണ് സംഭവം. പത്ത് വർഷത്തോളം പഴക്കമുള്ള കുഴിബോംബാണ് കുട്ടികൾ കണ്ടെത്തിയതെന്നാണ് താലിബാൻ വക്താവ് വിശദമാക്കിയത്. ഞായറാഴ്ചയായിരുന്നു സ്ഫോടനമുണ്ടായത്. 5 മുതൽ 10 വരെ പ്രായമുളള കുട്ടികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് ഉള്ളതെന്ന് തിങ്കളാഴ്ച താലിബാൻ വിശദമാക്കി.
പൊട്ടിത്തെറിച്ച കുഴിബോംബ് റഷ്യൻ അധിനിവേശ സമയത്ത് നിന്നുള്ളതെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച ഹെറാത്ത് പ്രവിശ്യയിലുണ്ടായ സമാനമായ മറ്റൊരു പൊട്ടിത്തെറിയിൽ ഒരു കുട്ടി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. കുടുംബത്തെ സഹായിക്കാനായി ആക്രി പെറുക്കുന്ന കുട്ടികളിൽ ഏറിയ പങ്കിനും അപകടമുണ്ടാക്കുന്നതാണ് കാലങ്ങളായി മറഞ്ഞ് കിടക്കുന്ന ഇത്തരം കുഴി ബോംബുകൾ.
അപ്രതീക്ഷിതമായുണ്ടാവുന്ന ഇത്തരം സംഭവങ്ങളിൽ രാജ്യത്ത് നിരവധിപ്പേരാണ് ഇതിനോടകം കൊല്ലപ്പെട്ടിട്ടുള്ളത്. 1979ലെ സോവിയറ്റ് അധിനിവേശത്തിന് പിന്നാലെ വർഷങ്ങളായി ആഭ്യന്തര കലാപങ്ങൾക്കും വേദിയായ അഫ്ഗാനിസ്ഥാനിൽ ഇത്തരം സംഭവങ്ങൾ പതിവാണ്. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ 1989 മുതൽ 44000 പേരാണ് അഫ്ഗാനിസ്ഥാനിൽ കുഴി ബോംബ് സ്ഫോടനങ്ഹളിൽ കൊല്ലപ്പെട്ടിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം