മരണത്തിലെ അസ്വഭാവികത ശ്രദ്ധിച്ച് രക്ത സാംപിളുകൾ അടക്കമുള്ളവയെടുത്ത് നടത്തിയ പരിശോധനയിലാണ് രക്തത്തിലെ ഗുരുതര അണുബാധ കണ്ടെത്തിയത്
ഒറിഗോൺ: ഏണിയിൽ നിന്ന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ 65കാരന് വേദനാ സംഹാരിക്ക് പകരം നൽകിയത് പൈപ്പ് വെള്ളം. അണുബാധയ്ക്ക് പിന്നാലെ രോഗി മരിച്ചതോടെ നഴ്സിനെതിരെ പരാതിയുമായി കുടുംബം. അമേരിക്കയിലെ ഒറിഗോണിലാണ് സംഭവം. 65കാരനായ ഹൊറാസ് വിൽസൺ മെഡ്ഫോർഡിലെ ആസാന്റേ റോഗ് റീജിയണൽ മെഡിക്കൽ സെന്ററിൽ ചികിത്സ തേടിയെത്തിയതിന് പിന്നാലെയാണ് അണുബാധ ഗുരുതരമായി മരിക്കുന്നത്. ഏണിയിൽ നിന്ന് വീണ് വാരിയെല്ലുകൾ ഒടിയുകയും പ്ലീഹയ്ക്ക് പരിക്കേൽക്കുകയും ചെയ്താണ് ഹൊറാസ് വിൽസണെ ആശുപത്രിയിലെത്തിച്ചത്.
ഐസിയുവിൽ പ്രവേശിപ്പിച്ച 65കാരൻ ഒന്നിലധികം ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ ആരോഗ്യ നില മെച്ചപ്പെടുന്നതിനിടെ പൊടുന്നനെയാണ് ഗുരുതരാവസ്ഥയിലെത്തിയത്. പെട്ടന്ന് പണി കൂടുകളും, വെളുത്ത രക്താണുക്കൾ പെട്ടന്ന് കൂടുകയും കുത്തനെ കുറയുകയും അടക്കമുള്ള ലക്ഷണങ്ങളോടെയാണ് 65കാരൻ മരണത്തിന് കീഴടങ്ങിയത്. അസ്വഭാവികത ശ്രദ്ധിച്ച് രക്ത സാംപിളുകൾ അടക്കമുള്ളവയെടുത്ത് നടത്തിയ പരിശോധനയിലാണ് രക്തത്തിലെ ഗുരുതര അണുബാധ കണ്ടെത്തിയത്. സ്റ്റാഫിലോകോക്കസ് എപ്പിഡെഡമിഡിസ് എന്ന ബാക്ടീരിയ ബാധയാണ് 65കാരന്റെ മരണത്തിന് കാരണമായതെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായത്. ഇതിന് പിന്നാലെയാണ് പൈപ്പ് വെള്ളം രോഗിയുടെ ശരീരത്തിലെത്തിയെന്ന് സംശയം തോന്നിയത്.
പൈപ്പ് വെള്ളത്തിൽ സാധാരണമായി കാണുന്ന ബാക്ടീരിയകളിലൊന്നാണ് ഇവ. ഇതോടെയാണ് വേദനാ സംഹാരിക്ക് പകരമായി പൈപ്പ് വെള്ളം കുത്തിവച്ചെന്ന ആരോപണം കുടുംബം ഉയർത്തിയത്. ഡാനി മേരി ഷോഫീൽഡ് എന്ന നഴ്സിനെതിരെയും ആശുപത്രിക്കും എതിരെയാണ് 65കാരന്റെ ഭാര്യ പാറ്റി വിൽസൺ പരാതി നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ നഴ്സിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡാനി മേരി സ്വമേധയാ ഒറിഗോൺ നഴ്സിംഗ് ബോർഡിനെ സമീപിച്ചിട്ടുണ്ട്. 11.5മ മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വിൽസൺ കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം