ഫ്ലോറിഡയിലെ ബ്രാഡൻ്റണിൽ നിന്നുള്ള ഒരു വ്യക്തിക്ക് 1.5 മില്യൺ ഡോളറിൻ്റെ (ഏകദേശം 12.52 കോടി രൂപ) നഷ്ടം സംഭവിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. മെയ് ഒമ്പതിന് ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.
അഹമ്മദാബാദ്: ഫെഡറൽ ഏജൻ്റെന്ന പേരിൽ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യൻ യുവതി അമേരിക്കയിൽ അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളിൽനിന്ന് സ്വർണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ ശ്വേത പട്ടേലാണ് (42) അറസ്റ്റിലായത്. ഫ്ലോറിഡയിലെ ബ്രാഡൻ്റണിൽ നിന്നുള്ള ഒരു വ്യക്തിക്ക് 1.5 മില്യൺ ഡോളറിൻ്റെ (ഏകദേശം 12.52 കോടി രൂപ) നഷ്ടം സംഭവിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. മെയ് ഒമ്പതിന് ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.
ഫെബ്രുവരിയിൽ ഫെഡറൽ ഏജൻ്റുമാരായി വേഷമിട്ട തട്ടിപ്പുകാർ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് വ്യാജ അറസ്റ്റ് വാറണ്ട് ഉപയോഗിച്ചാണ് ഇരയെ പറ്റിച്ചത്. പിന്നീട് ഒത്തുതീർപ്പിനെന്ന് പറഞ്ഞ് ഇയാളെ നിരന്തരം ബന്ധപ്പെടുകയും വിശ്വാസം പിടിച്ചുപറ്റുകയുമായിരുന്നു. പിന്നീടാണ് സ്വർണക്കട്ടികൾ സ്വന്തമാക്കി മുങ്ങിയത്. ഒരു സ്റ്റിംഗ് ഓപ്പറേഷൻ്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ചാണ് ഇരയെ ഇവർ കബളിപ്പിച്ചത്. ഇരയുടെ റിട്ടയർമെൻ്റ് സമ്പാദ്യമായ ഏകദേശം 1.5 മില്യൺ ഡോളർ സ്വർണ്ണക്കട്ടികളാക്കി മാറ്റുന്നതിന് തട്ടിപ്പുകാർ സഹായിക്കുകയും തുടർന്ന് ശ്വേത പട്ടേൽ ഇരയുടെ വീട്ടിലെത്തി സ്വർണ്ണക്കട്ടികൾ എടുത്ത് മുങ്ങുകയുമായിരുന്നു.
ജോർജിയയിലാണ് ശ്വേത പട്ടേൽ താമസിക്കുന്നത്. ഇവരുടെ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത്.. ചോദ്യം ചെയ്യലിൽ, താൻ ബോസ് എന്ന് വിളിക്കുന്ന ഒരു വ്യക്തിയുടെ ഇടനിലക്കാരി മാത്രമായിരുന്നുവെന്ന് ശ്വേത വെളിപ്പെടുത്തി. സമാനമായ ഒരു തട്ടിപ്പിൽ ഇവർ മറ്റൊരു സ്ത്രീയിൽ നിന്ന് 25,000 ഡോളർ (ഏകദേശം 20.88 ലക്ഷം രൂപ) തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു.