
ന്യൂയോർക്ക്: ഇറക്കുമതി തീരുവ കുത്തനെ കൂട്ടി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച യുദ്ധം ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളുമോ എന്ന ആശങ്ക ശക്തമാണ്. അമേരിക്കയിലെന്നല്ല,യൂറോപ്പ്, ഏഷ്യ, സൗദി, ജപ്പാൻ, ചൈന, ഇന്ത്യ തുടങ്ങി ലോകത്തെ എല്ലാ വിപണികളും ട്രംപിന്‍റെ തീരുവ യുദ്ധത്താൽ ചോരക്കളമായിരിക്കുകയാണ്. ഈ നിലയിൽ പോയാൽ ആഗോള സാമ്പത്തിക മാന്ദ്യം ഉറപ്പാണെന്ന വിലയിരുത്തലുകളാണ് എങ്ങും. ലോക നേതാക്കളൊന്നടങ്കം ട്രംപിന്‍റെ തീരുവ യുദ്ധത്തെ വിമർശിച്ച് രംഗത്തുണ്ട്. അതിനിടയിലാണ് റിപ്പബ്ലിക്കൻ പാർട്ടിയിലും ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ട്രംപിനെതിരെ പാളയത്തിൽ പട ശക്തമാകുന്നതിനൊപ്പം ട്രംപിന്റെ അനുകൂലികൾക്ക് ഇടയിലും എതിർപ്പ് ഉയരുകയാണ്. ട്രംപിന്റെ താരിഫുകൾ ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴ്ത്തുമെന്ന് ഹെഡ്ജ് ഫണ്ട് മാനേജർ ബിൽ ആക്മാൻ പരസ്യമായി വിമർശിച്ചത് ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് കാലത്തടക്കം ട്രംപിനെ പിന്തുണച്ചവരിൽ പ്രമുഖനായിരുന്നു ആക്മാൻ. എന്നാൽ ലോകം സാമ്പത്തിക മാന്ദ്യമെന്ന പരിഭ്രാന്തിയിൽ മുങ്ങുമ്പോഴും നിലപാടിൽ ഉറച്ചുനിൽക്കുക ആണ് ട്രംപ്. ചില രോഗങ്ങൾ മാറാൻ വേദനയുള്ള ചികിത്സ വേണ്ടിവരും എന്നാണ് യു എസ് പ്രസിഡന്‍റിന്‍റെ ന്യായീകരണം.
ഓഹരിവിപണിയിൽ സംഭവിച്ചത്
ട്രംപിന്‍റെ തീരുവ യുദ്ധത്തിന് പിന്നാലെ അമേരിക്കയിലെയും യൂറോപ്പിലെയും ഓഹരി വിപണികളിൽ ഉണ്ടായ കനത്ത ഇടിവിന്‍റെ പ്രതിഫലനം ഇന്ന് ഏഷ്യൻ വിപണികളെയും തകർത്തു. തുടക്കത്തിൽ തന്നെ ഇന്ത്യൻ സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും നിലംപൊത്തി. നിക്ഷേപകർക്ക് 20 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചു. ഇന്ത്യൻ രൂപയും ഇന്ന് ഡോളറിനെതിരെ വൻ ഇടിവിലായി. വ്യാപാരം ആരംഭിച്ചതു തന്നെ 19 പൈസ ഇടിവിൽ ആണ്. ഏഷ്യൻ ഓഹരി വിപണികൾ എല്ലാം ചോരക്കളമായി. ജപ്പാനും ചൈനയും കൊറിയയും സിംഗപ്പൂരും നിലംപരിശായി. അമേരിക്കയിലെ വാഹനങ്ങളിൽ പകുതിയും കയറ്റുമതി ചെയ്യുന്ന ജാപ്പനീസ് വാഹന നിർമാതാക്കളായ ഹ്യുണ്ടായി, ടൊയോട്ട, നിസ്സാൻ, ഹോണ്ട കമ്പനികളുടെ മൂല്യത്തിൽ ശതകോടികളുടെ നഷ്ടമുണ്ടായി. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ആഘാതങ്ങൾ നേരിടാൻ പുതിയ പദ്ധതികൾ ആലോചിച്ച് തുടങ്ങി. ആഗോള മാന്ദ്യത്തിനുള്ള സാധ്യത 60% ആയി ഉയർന്നതായി സാമ്പത്തിക സ്ഥാപനമായ ജെ പി മോർഗന്റെ പ്രവചനം. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത 35 ശതമാനത്തിൽ നിന്ന് 45 ആയി ഉയർന്നതായിഗോൾഡ്മാൻ സാക്‌സ് വിലയിരുത്തി. ആഗോള എണ്ണ വിപണിയിൽ ഇടിവ് തുടരുകയാണ്. 74 ഡോളർ ആയിരുന്ന ബ്രെന്‍റ് ക്രൂഡ് വില 63 ഡോളർ ആയി. സ്വർണ വിലയും റെക്കോഡ് ഉയരത്തിൽ നിന്ന് താഴുകയാണ്. കേരളത്തിൽ ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam