ചുവന്ന റോസാ പൂക്കളും പരവതാനിയും, വ്ലാദിമിർ പുടിന് ഉത്തര കൊറിയയിൽ വൻ സ്വീകരണം

By Web Team  |  First Published Jun 19, 2024, 8:39 AM IST

ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര സൈനിക ബന്ധങ്ങള്‍ ശക്തമാക്കാന്‍ കൂടിയാണ് ഈ കൂടിക്കാഴ്ച. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റഷ്യന്‍ പ്രസിഡന്റെ അതിഥിയായി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു


സിയോൾ: രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനായി ഉത്തര കൊറിയയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഗംഭീര സ്വീകരണം. 24 വർഷത്തിന് ശേഷമാണു ഒരു റഷ്യൻ ഭരണ തലവൻ വടക്കൻ കൊറിയയില്‍ എത്തുന്നത്. സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് കിം ജോങ് ഉന്‍ പുടിനെ സ്വീകരിച്ചത്. ഉത്തര കൊറിയയിൽ പുടിന്റെ അഭിവാന്ദ്യം ചെയ്തു കൊണ്ട് അനേകം റഷ്യൻ പതാകകളും പോസ്റ്ററുകളും ഇതിനോടകം സജ്ജമായിട്ടുണ്ട്. ചുവന്ന പൂക്കളുടെ ബൊക്കെയാണ് പുടിന് സ്വീകരിക്കാനായി നൽകിയതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ചുവന്ന പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച പരവതാനിയാണ് പുടിനെ സ്വാഗതം ചെയ്ത് വിമാനത്താവളത്തിലും സജ്ജമാക്കിയത്. 

യുക്രെയ്നിലെ സൈനിക നടപടികൾക്ക് ഉത്തര കൊറിയ നൽകിയ പിന്തുണക്ക് റഷ്യൻ പ്രസിഡന്റ് നന്ദി അറിയിച്ചു. അമേരിക്കൻ ഉപരോധം നേരിടാൻ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും പുടിന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര സൈനിക ബന്ധങ്ങള്‍ ശക്തമാക്കാന്‍ കൂടിയാണ് ഈ കൂടിക്കാഴ്ച. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റഷ്യന്‍ പ്രസിഡന്റെ അതിഥിയായി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു. പുടിന് ആയുധങ്ങളും കിമ്മിന് സാങ്കേതിക വിദ്യയും വേണ്ട സാഹചര്യത്തിലാണ് ഇരു നേതാക്കളും അടുത്തതെന്നാണ് വിദഗ്ധർ ഉത്തര കൊറിയ റഷ്യൻ കൂട്ടായ്മയെ നിരീക്ഷിക്കുന്നത്. 

Latest Videos

ഇരുനേതാക്കളും തമ്മിലുള്ള ബന്ധം താൽക്കാലികമായതെന്നുമാണ് അന്തർദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം മുതൽ 7000 കണ്ടെയ്നർ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാണ് ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിട്ടുള്ളതെന്നാണ് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി ഷിൻ വോൺ സിക് വിശദമാക്കുന്നത്. ഇതിന് പകരമായി ഭക്ഷണവും സാമ്പത്തിക സഹായവും ഉത്തര കൊറിയയ്ക്ക് ലഭിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയ വിശദമാക്കുന്നത്. മിസൈൽ നിർമ്മാണത്തിലും ചാര സാറ്റലൈറ്റുകളുടെ നിർമ്മാണത്തിലുമുള്ള സാങ്കേതിക വിദ്യാ സഹായമാണ് കിം പുടിനിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങളുടെ നിരീക്ഷണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!