5 വർഷത്തിന് ശേഷം വിദേശ വിനോദ സഞ്ചാരികൾക്ക് പ്രവേശന അനുമതിയുമായി ഉത്തര കൊറിയ - റിപ്പോർട്ട്

By Web Team  |  First Published Aug 16, 2024, 12:04 PM IST

ദക്ഷിണ കൊറിയ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും ഉത്തര കൊറിയ പ്രവേശനം നൽകുന്നുണ്ടെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. അതേസമയം അമേരിക്ക ഉത്തര കൊറിയ സന്ദർശിക്കുന്നതിൽ നിന്ന് പൌരന്മാരെ വിലക്കിയിട്ടുണ്ട്. 


സിയോൾ: വിദേശത്ത് നിന്നുള്ള വിനോദ സഞ്ചാരികൾക്ക് മുന്നിൽ വീണ്ടും രാജ്യത്തിന്റെ വാതിൽ തുറന്നിട്ട് ഉത്തര കൊറിയ. കൊവിഡ് മഹാമാരിക്ക് ശേഷം അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയ സഞ്ചാരികൾക്കായി അതിർത്തികൾ തുറക്കുന്നത്, ഡിസംബർ മുതൽ ഉത്തര കൊറിയയിലേക്ക് വിനോദ സഞ്ചാരികൾക്കുള്ള അനുമതി ലഭിക്കുമെന്നാണ് ബിബിസി റിപ്പോർട്ട്. വിവിധ വിനോദ സഞ്ചാര സംഘാടകരെ ഉദ്ധരിച്ചാണ് ബിബിസി റിപ്പോർട്ട്.

ചൈന അടിസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് വിനോദ സഞ്ചാര സംഘാടകർ ഇതിനോടകം ഉത്തര കൊറിയൻ സഞ്ചാരത്തിനായുള്ള പ്ലാനുകൾ പുറത്ത് വിട്ടിട്ടുണ്ട്. ഉത്തര കൊറിയയിലെ വടക്കൻ മേഖലയിലെ പർവ്വത നഗരമായ സാംജിയോൻ അടക്കം സന്ദർശിക്കാനുള്ള പ്ലാനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2020ന്റെ ആദ്യത്തിലാണ് ഉത്തര കൊറിയ വിദേശ സഞ്ചാരികൾക്ക് മുന്നിൽ അതിർത്തികൾ കൊട്ടിയടച്ചത്. 

Latest Videos

undefined

പുറത്ത് നിന്നുള്ള അവശ്യവസ്തുക്കൾ അടക്കമുള്ളവയ്ക്ക് അടക്കമായിരുന്നു ഉത്തര കൊറിയ വിലക്ക് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാജ്യത്തെ ആണവ പദ്ധതികളുടെ പേരിൽ അന്താരാഷ്ട്ര തലത്തിലുണ്ടായ ഉപരോധങ്ങൾ രാജ്യത്ത് ഭക്ഷ്യ ലഭ്യതയെ അടക്കം സാരമായി ബാധിച്ചിരുന്നു. സാംജിയോൻ നഗരത്തിലേക്കാണ് നിലവിൽ സഞ്ചാരികൾക്ക് അനുമതിയുള്ളത്. പ്യോംങ്യാംഗ് അടക്കമുള്ള മറ്റ് മേഖലകളിലേക്ക് പിന്നാലെ തന്നെ പ്രവേശനാനുമതി ലഭിച്ചേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 

ചൈനയിലെ ഏറെ പ്രശസ്തമായ കെടിജി ടൂർസ് ആണ് ഉത്തര കൊറിയൻ വിനോദ സഞ്ചാരത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിശദമാക്കിയിട്ടുള്ളത്. നാല് വർഷമായുളള കാത്തിരിപ്പിന് അവസാനമായെന്നും ഉത്തര കൊറിയൻ സഞ്ചാരത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നുമാണ് കെടിജി ടൂർസ് സമൂഹമാധ്യമങ്ങളിൽ വിശദമാക്കുന്നത്. ദക്ഷിണ കൊറിയ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും ഉത്തര കൊറിയ പ്രവേശനം നൽകുന്നുണ്ടെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. അതേസമയം അമേരിക്ക ഉത്തര കൊറിയ സന്ദർശിക്കുന്നതിൽ നിന്ന് പൌരന്മാരെ വിലക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!