കാത്തിരുന്നുണ്ടായ പെൺകുഞ്ഞിനെ ആശുപത്രി പിഴവിൽ മാറിപ്പോയി. തിരിച്ചറിഞ്ഞത് 55 വർഷത്തിന് ശേഷം. മകൾ കടന്നു വന്ന ദുരിതങ്ങൾ തിരിച്ചറിഞ്ഞതോടെ കേസുമായി കുടുംബം
വെസ്റ്റ് മിഡ്‌ലാൻഡ്സ്: കാലങ്ങളോളം ജീവിച്ചത് മറ്റൊരു കുടുംബത്തിനൊപ്പമെന്ന് തിരിച്ചറിയുന്നത് 55ാം വയസിൽ. സുഹൃത്തുക്കളുടെ പ്രേരണയിൽ മകൻ നടത്തിയ ഡിഎൻഎ ടെസ്റ്റിൽ പുറത്ത് വന്നത് ജൻമ രഹസ്യത്തിൽ ആശുപത്രിക്ക് പറ്റിയ വലിയ പിഴവ്. പിന്നാലെ 1967ൽ നടന്ന പിഴവിനെതിരെ കേസ് നൽകി കുടുംബങ്ങൾ. ആശുപത്രിയിൽ വച്ച് നവജാത ശിശുക്കളെ മാറി പോയ സംഭവങ്ങൾ കേട്ടുകേൾവി പോലുമില്ലെന്ന് വാദിക്കുന്ന എൻഎച്ച്എസിനെതിരെയാണ് കുടുംബങ്ങൾ നഷ്ടപരിഹാരത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.
പിതാവ് പത്ത് വർഷം മുൻപ് മരിക്കുകയും അമ്മ 80 വയസ് പ്രായം എത്തുകയും ചെയ്തതോടെ ഡിഎൻഎ ടെസ്റ്റിലെ ഞെട്ടിക്കുന്ന വിവരം മകൻ ആദ്യഘട്ടത്തിൽ അമ്മയെ അറിയിച്ചില്ല. ഡിഎൻഎ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തന്റെ സഹോദരിയുടെ പേരിൽ മറ്റൊരാളുടെ പേരായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. റിപ്പോർട്ട് തയ്യാറാക്കിയതിലെ പിഴവെന്ന ധാരണയിൽ ഡിഎൻഎ പരിശോധിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടതോടെയാണ് പിഴവ് റിപ്പോർട്ടിലല്ല സഹോദരിയെ കൈമാറിയപ്പോഴാണ് സംഭവിച്ചതെന്ന് വ്യക്തമായത്. ഡിഎൻഎ പരിശോധനയിൽ സഹോദരിയെന്ന് വ്യക്തമായ ആളുമായി ബന്ധപ്പെട്ടതോടെയാണ് ഇരുവരും ഒരേ നാട്ടിൽ അടുത്തടുത്ത സ്ഥലത്ത് വ്യത്യസ്ത വീടുകളിൽ കഴിയുകയാണെന്ന് വ്യക്തമായത്.
undefined
ജൊവാൻ എന്ന സ്ത്രീയുടെ നാല് മക്കളിൽ മൂത്തയാളായിരുന്നു ടോണി. ഡിഎൻഎ പരിശോധനയിലാണ് ടോണിയുടെ സഹോദരി മറ്റാരോ ആണെന്ന് വ്യക്തമായത്. മൂന്ന് ആൺമക്കൾക്ക് ശേഷം ഏറെ ആഗ്രഹിച്ചുണ്ടായ മകളെ ആണ് ആശുപത്രി അധികൃതർക്ക് മാറിപ്പോയത്. ജെസീക്ക എന്ന ഏകസഹോദരിയുടെ പേരിന് പകരം ഡിഎൻഎ റിപ്പോർട്ട് അനുസരിച്ച് ലഭിച്ചത് ക്ലെയർ എന്ന പേരായിരുന്നു. മകൻ ജന്മദിനത്തിൽ നൽകിയ ഡിഎൻഎ പരിശോധന കിറ്റ് ഉപയോഗിച്ച് രണ്ട് വർഷം മുൻപാണ് ക്ലെയർ പരിശോധന നടത്തിയത്. എന്നാൽ മാതാപിതാക്കളുമായി ഒരു ബന്ധവും ഈ റിപ്പോർട്ടിൽ വരാത്തതിൽ ആകുലപ്പെട്ടിരിക്കുമ്പോഴാണ് ക്ലെയറിനെ ടോണി ബന്ധപ്പെടുന്നത്. 2022ൽ ടോണിയുടെ റിപ്പോർട്ട് ഫലം ലഭിച്ചതോടെയാണ് തന്റെ സഹോദരനെ ക്ലെയർ കണ്ടെത്തുന്നത്.
ഇതോടെയാണ് ബന്ധുക്കളുമായി ഒരു തരത്തിലുള്ള സാമ്യവുമില്ലാതെ ഇത്രയും കാലം ജീവിക്കേണ്ടി വന്നതിലെ വിഷമം ക്ലെയറിന് തിരിച്ചറിയുന്നത്. പലപ്പോഴും ബന്ധുക്കൾക്കൊപ്പം സമയം ചെലവിടുമ്പോൾ താൻ തട്ടിപ്പുകാരിയാണോയെന്നും ദത്തെടുത്തതാണോയെന്നുമുള്ള ചോദ്യങ്ങൾ ക്ലെയർ നേരിടുകയും ചെയ്തിരുന്നു. പിന്നീട് ക്ലെയറും ടോണിയും പരസ്പരം സന്ദേശങ്ങൾ കൈമാറിയതോടെയാണ് ജെസീക്ക ജനിച്ച അതേസമയത്താണ് ക്ലെയറും പിറന്നതെന്ന് വ്യക്തമാവുന്നത്. 55 വർഷം മുൻപുണ്ടായ പിഴവിലാണ് ഇവർ ഒരു ബന്ധവുമില്ലാത്ത രണ്ട് കുടുംബങ്ങളിൽ വളർന്നത്.
2017ൽ വിവരാവകാശപ്രകാരം നടത്തിയ അന്വേഷണത്തിൽ അബന്ധത്തിൽ കുട്ടികളെ ആശുപത്രിയിൽ വച്ച് മാറിപ്പോയ സംഭവങ്ങൾ കേട്ടുകേൾവി പോലും ഇല്ലാതിരിക്കെയാണ് ഇത്തരമൊരു പിഴവ് 55 വർഷത്തിന് ശേഷം മറനീക്കി എത്തിയത്. 1980 മുതൽ തന്നെ നവജാത ശിശുക്കൾക്ക് റേഡിയോ ഫ്രീക്വെൻസി ഐഡെൻറിഫിക്കേഷൻ ടാഗ് നൽകുന്ന പതിവ് ബ്രിട്ടനിലുണ്ടായിരുന്നു. ഇതിന് മുൻപ് കൈകൾ കൊണ്ട് ടാഗിൽ വിവരങ്ങൾ എഴുതുന്ന പതിവും.
ക്ലെയറിനോട് ആലോചിച്ച ശേഷമാണ് ടോണി സംഭവത്തിൽ നിയമ നടപടി ആരംഭിച്ചത്. അതിനോടകം തന്നെ ക്ലെയർ സഹോദരനേയും അമ്മയേയും കാണുകയും ചെയ്തിരുന്നു. 1967ൽ വീട്ടിൽ വച്ച് പ്രസവം നൽകാനിരുന്ന ജൊവാന് രക്തസമ്മർദ്ദത്തിൽ പെട്ടന്നുണ്ടായ വർധനവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് പ്രസവ വേദന വരാനുള്ള മരുന്നുകൾ സ്വീകരിച്ച ശേഷമായിരുന്നു ജൊവാൻ പെൺകുഞ്ഞിന് ജന്മം നൽകിയത്. അന്നത്തെ കാലത്ത് പിന്തുടരുന്ന രീതി അനുസരിച്ചാണ് കുഞ്ഞിനെ നഴ്സറിയിലേക്ക് മാറ്റുകയായിരുന്നു. ഇതേദിവസം തന്നെയാണ് ജെസീക്കയും ഈ ആശുപത്രിയിൽ പിറന്നത്. പിറ്റേന്ന് ആശുപത്രിയിലെ നഴ്സറിയിൽ നിന്ന് തിരികെ കുഞ്ഞിന് നൽകിയപ്പോഴാണ് പിഴവ് സംഭവിച്ചത്. കുഞ്ഞിന്റെ നിറത്തിലുള്ള വ്യത്യാസത്തിൽ സംശയം തോന്നിയെങ്കിലും കുടുംബവുമൊത്തുള്ള നല്ല സമയത്ത് ആർക്കും സംശയം തോന്നിയില്ല.
വർഷങ്ങൾക്ക് ശേഷം സഹോദരിയെന്ന് വിശ്വസിച്ചിരുന്ന ജെസീക്കയോടും ടോണി വിവരം പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ 55 വർഷത്തിന് ശേഷം ആദ്യമായി ക്ലെയർ തന്നെ പെറ്റമ്മയെ കണ്ടു. ജൊവാനുമായി നിരവധി സാമ്യമായിരുന്നു ക്ലെയറിനുണ്ടായിരുന്നത്. മകൾ വളർന്നു വന്ന സാഹചര്യത്തേക്കുറിച്ച് അറിഞ്ഞതോടെയാണ് ജൊവാനും കുടുംബവും കോടതിയെ സമീപിച്ചത്. ജീവിത്തതിന്റെ ഭൂരിപക്ഷം കാലത്ത് നേരിടേണ്ടി ദുരനുഭവങ്ങൾക്ക് വൻതുകയാണ് കുടുംബം എൻഎച്ച്എസിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
ചെറുപ്പത്തിൽ തന്നെ രക്ഷിതാക്കൾ വേർപിരിഞ്ഞതോടെ കൊടും ദാരിദ്രത്തിലായിരുന്നു ക്ലെയർ വളർന്നത്. നിലവിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പാസ്പോർട്ട് അടക്കമുള്ള രേഖകളിൽ ജനന ദിവസം അടക്കം തെറ്റായി മാറിയ അവസ്ഥയാണ് ക്ലെയറും ജെസീക്കയും നേരിടുന്നത്. നവജാത ശിശുക്കളെ ആശുപത്രിയിൽ വച്ച് മാറിപ്പോകുന്നതും പിന്നീട് നടക്കുന്ന കുറ്റത്യങ്ങളുമെല്ലാം സിനിമകളിൽ കണ്ട് പരിചയിച്ചയിടത്താണ് ഇത്തരമൊരു അവസ്ഥയെന്നതാണ് ശ്രദ്ധേയം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം