'ഇത് തുടക്കമാകട്ടെ', ഇന്ത്യയും പാക്കിസ്ഥാനും ഭൂതകാലം കുഴിച്ചുമൂടി ഭാവിയെ കുറിച്ച് ചിന്തിക്കട്ടെ: നവാസ് ഷെരീഫ്

By Web Team  |  First Published Oct 18, 2024, 8:46 PM IST

ഇന്ത്യയുടെ സ്വന്തം സംസ്ഥാനങ്ങൾ പരസ്പരം ഇടപെടുന്നതുപോലെ ഇന്ത്യയും പാകിസ്ഥാനും ഇടപെടണമെന്ന് ഞാൻ കരുതുന്നു.


ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും ഭൂതകാലത്തെ കുഴിച്ചുമൂടി ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. എസ്‌സിഒ യോഗത്തിന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇസ്‌ലാമാബാദിലെത്തിയ പശ്ചാത്തലത്തിലായിരുന്നു നവാസ് ഷെരീഫിന്റെ പരാമര്‍ശം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ സഹോദരനും ഭരണസഖ്യത്തിന് നേതൃത്വം നൽകുന്ന പിഎംഎൽ(എൻ) തലവനുമായ ഷെരീഫ്,  ഇന്ത്യൻ മാധ്യമപ്രവർത്തകരോടായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.

 70 വർഷങ്ങളായി നമ്മൾ കലഹിക്കുകയായിരുന്നു. ഇനി ഇവിടെ നിന്ന് രണ്ട് രാജ്യങ്ങളും മുന്നോട്ട് പോകണം. അടുത്ത 70 വര്‍ഷങ്ങൾ ഇങ്ങനെ ആവരുത്. നല്ല അയൽക്കാരായി മാറണം. എസ് ജയശങ്ക‍റിൻ്റെ പാകിസ്ഥാൻ സന്ദ‍ർശനം ഒരു മഞ്ഞുരുകലിൻ്റെ തുടക്കമായിരിക്കട്ടെ. ഇമ്രാൻ ഖാൻ്റെ ചില പരാമര്‍ശങ്ങൾ രാജ്യങ്ങളുടെ സൗഹൃദം ഇല്ലാതാക്കുന്നവയായിരുന്നു. ഒരിക്കലും ചിന്തിക്കാനോ പറയാനോ പാടില്ലാത്ത കാര്യങ്ങളാണ് ഇമ്രാൻ പറഞ്ഞത്.  ചർച്ചകൾ നിർത്തരുത്,  മിസ്റ്റര്‍ മോദി തന്നെ വന്നിരുന്നെങ്കിൽ നന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

Latest Videos

ഇന്ത്യയുടെ സ്വന്തം സംസ്ഥാനങ്ങൾ പരസ്പരം ഇടപെടുന്നതുപോലെ ഇന്ത്യയും പാകിസ്ഥാനും ഇടപെടണമെന്ന് ഞാൻ കരുതുന്നു. വ്യാപാരം, നിക്ഷേപങ്ങൾ, വ്യവസായം, ടൂറിസം, വൈദ്യുതി എന്നിവ ഉഭയകക്ഷി സഹകരണത്തിന്റെ സാധ്യമായ മേഖലകളായി കാണണം. നമ്മൾ ഭാവിയിലേക്ക് നോക്കുകയും, വലിയ ജനസംഖ്യയുള്ള നമ്മുടെ രണ്ട് രാജ്യങ്ങളുടെ സാധ്യതകൾ കാണുകയും വേണം. നമുക്ക് ഒരുമിച്ച് ഇരുന്നു എല്ലാ കാര്യങ്ങളും ഗൗരവമായി ചർച്ച ചെയ്യണം. ആർട്ടിക്കിൾ 370, കാശ്മീർ എന്നിവയെ കുറിച്ചുള്ള ചോദ്യത്തിന്, ഈ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവസരമല്ല ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നല്ല അയൽക്കാരെ മിസ് ചെയ്യുന്നുവെന്നും,   തമ്മിലുള്ള സഹകരണം പരസ്പര ബഹുമാനത്തിലും സമത്വത്തിലും അധിഷ്ഠിതമായിരിക്കണമെന്നും  ഉച്ചകോടിയിൽ പങ്കെടുത്ത് എസ്  ജയശങ്കറും പറഞ്ഞിരുന്നു.   

click me!