നേരത്തെ കൊമ്പ് ഘടിപ്പിച്ച നാഗ മനുഷ്യന്‍റെ തലയോട്ടി ലേലം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് പ്രതിഷേധത്തെ തുടർന്ന് ലേല കമ്പനി പിന്മാറിയിരുന്നു.
ലണ്ടൻ: ബ്രിട്ടനിൽ നിന്ന് പൂർവ്വികരുടെ തലയോട്ടികൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി നാഗ ഗോത്ര വിഭാഗക്കാർ. ഇവയിൽ ചിലത് സമ്മാനങ്ങളോ മറ്റോ ആയി കൈമാറ്റം ചെയ്തതാവുമെന്നും മറ്റുള്ളവ ഉടമസ്ഥരുടെ സമ്മതമില്ലാതെ കൊണ്ടുപോയതാവാമെന്നും ഗവേഷകർ പറയുന്നു. ചരിത്രം വീണ്ടെടുക്കാൻ അവ തിരിച്ചെത്തിക്കണം എന്നാണ് നാഗ വിഭാഗക്കാർ ആവശ്യപ്പെടുന്നത്. നേരത്തെ കൊമ്പോടു കൂടിയ നാഗ ഗോത്ര വിഭാഗത്തിൽപ്പെട്ട മനുഷ്യന്‍റെ തലയോട്ടി ലേലം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് പ്രതിഷേധത്തെ തുടർന്ന് ലേല കമ്പനി പിന്മാറിയിരുന്നു.
യുകെയിലെ പൊതു മ്യൂസിയങ്ങളിലും സ്വകാര്യ ശേഖരങ്ങളിലും മാത്രം ഏകദേശം 50,000 നാഗ ഗോത്ര വിഭാഗത്തിൽപ്പെട്ട വസ്തുക്കൾ ഉണ്ടെന്ന് നാഗ സംസ്കാരത്തെ കുറിച്ച് പഠനം നടത്തിയിട്ടുള്ള ഗവേഷകൻ അലോക് കുമാർ കനുങ്കോ പറയുന്നു. ഏറ്റവും വലിയ നാഗ ശേഖരമുള്ളത് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ പിറ്റ് റിവേഴ്‌സ് മ്യൂസിയത്തിലാണ്. 41 മനുഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെ ഏകദേശം 6,550 ഇനങ്ങൾ ഇവിടെ ഉണ്ട്. എന്നാൽ ഇക്കാലത്ത് മനുഷ്യാവശിഷ്ടങ്ങളുടെ ശേഖരണം, വിൽപ്പന, പ്രദർശനം എന്നിവയെക്കുറിച്ചുള്ള ധാർമ്മിക ആശങ്കകൾ വർദ്ധിക്കുന്നതിനാൽ, പുനർവിചിന്തനം നടക്കുന്നുണ്ട്. ന്യൂസിലാന്‍റിലെ മാവോറി ഗോത്രങ്ങൾ, തായ്‌വാനിലെ മുഡാൻ യോദ്ധാക്കൾ, ഓസ്‌ട്രേലിയയിലെ ആദിവാസികൾ, തദ്ദേശീയരായ ഹവായികൾ തുടങ്ങിയ സമൂഹങ്ങളിൽ നിന്നുള്ള മനുഷ്യാവശിഷ്ടങ്ങൾ മ്യൂസിയങ്ങൾ തിരികെ നൽകാൻ തുടങ്ങി.
undefined
ധാർമിക ചോദ്യങ്ങൾ കാരണം പിറ്റ് റിവേഴ്‌സ് മ്യൂസിയം 2020-ൽ നാഗ തലയോട്ടികൾ പ്രദർശനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. നാഗ വിഭാഗം ആവശ്യപ്പെട്ടാൽ ഇവ കൈമാറാനുള്ള നടപടി ക്രമം പൂർത്തിയാക്കാൻ 18 മാസം മുതൽ വർഷങ്ങൾ വരെ എടുത്തേക്കുമെന്ന് മ്യൂസിയം വ്യക്തമാക്കി. എന്നാൽ ഓക്സ്ഫോർഡ്ഷയറിലെ സ്വാൻ എന്ന ലേല കമ്പനി ഈ വർഷം മൃഗത്തിന്‍റെ കൊമ്പ് പിടിപ്പിച്ച പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നുള്ള നാഗ വിഭാഗത്തിലെ മനുഷ്യന്‍റെ തലയോട്ടി ലേലത്തിന് വെച്ചത് വിവാദമായി.
നമ്മുടെ പൂർവികരുടെ അവശേഷിപ്പ് ലേലം ചെയ്യുന്നുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് നാഗ ഫോറം ഫോർ റികൺസിലിയേഷൻ (എഫ്എൻആർ) അംഗം കൊന്യാക് പറഞ്ഞു. എഫ്എൻആർ കത്തെഴുതിയതിനെ തുടർന്നാണ് ലേലത്തിൽ നിന്ന് കമ്പനി പിന്മാറിയത്. തലയോട്ടി ഏകദേശം 4.3 ലക്ഷം (4000 പൌണ്ട്) രൂപയ്ക്ക് വിറ്റുപോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നാഗാലാൻഡ് മുഖ്യമന്ത്രി നെയ്‍ഫിയു റിയോയും കേന്ദ്ര സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി ജയശങ്കറിന് കത്തയച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം