കറുത്ത ഗോളങ്ങൾ ആദ്യമായി കണ്ടെത്തിയതുമുതൽ ശാസ്ത്രജ്ഞരെ വലയ്ക്കുകയാണ്
സിഡ്നി: ബീച്ചുകളില്‍ കാണപ്പെട്ട ദുർഗന്ധം വമിക്കുന്ന കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു ആശങ്കയാകുന്നു. ഒന്നിലധികം ഓസ്‌ട്രേലിയൻ ബീച്ചുകളിൽ ഇവ കണ്ടെത്തിയിട്ടുണ്ട്. അവ എവിടെ നിന്നാണ് വന്നത് എന്നതില്‍ വിദഗ്ധർക്ക് പോലും മറുപടിയില്ല. കറുത്ത ഗോളങ്ങൾ ആദ്യമായി കണ്ടെത്തിയതുമുതൽ ശാസ്ത്രജ്ഞരെ വലയ്ക്കുകയാണ്. സിഡ്‌നിയിലെ കടൽത്തീരങ്ങളിൽ ഇവ പ്രത്യക്ഷപ്പെട്ടതിന് ശേഷം നാട്ടകാര്‍ വലിയ ആശങ്കയിലാണ്.
ഇവ എവിടെ നിന്നാണ് വന്നതെന്ന കാര്യത്തില്‍ വിശദീകരണങ്ങളില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ (യുഎൻഎസ്ഡബ്ല്യു) രസതന്ത്ര പ്രൊഫസറായ ജോൺ ബെവ്‌സ് പറയുന്നു. ഈ നിഗൂഢ വസ്തുക്കളുടെ ദുർഗന്ധം അസഹ്യമാണ്. പ്രാദേശിക മലിനജല സംവിധാനത്തിൽ നിന്നാണോ അതോ ബോട്ടിൽ നിന്ന് ഡിസ്ചാർജ് ചെയ്തതാണോ അതോ അഴുക്കുചാലിൽ നിന്ന് വന്നതാണോ എന്ന് ശരിക്കും അറിയില്ല.
undefined
അതോ മറ്റെന്തെങ്കിലും കാരണങ്ങൾ ഇതിന് പിന്നിലുണ്ടോ എന്നും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂ സൗത്ത് വെയിൽസ് എൻവയോൺമെൻ്റ് പ്രൊട്ടക്ഷൻ അതോറിറ്റി ഒക്‌ടോബർ 17 ന് ബോണ്ടി ബീച്ച് ഉൾപ്പെടെ എട്ട് ബീച്ചുകളിൽ അവ കണ്ടതിനെ തുടർന്ന് സ്പർശിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പന്തുകളിൽ ഫാറ്റി ആസിഡുകളും സൗന്ദര്യ വസ്തുക്കളിലുപയോഗിക്കുന്ന കെമിക്കലുകളും ശുചീകരണ വസ്തുക്കളിലെ കെമിക്കലുകളുമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിന് പുറമേ കത്തിക്കാൻ സഹായിക്കുന്ന എണ്ണകളും ഈ പന്തുകളിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പഠനങ്ങൾ നടക്കുകയാണ്.