കൊവിഡ് രോഗത്തെ അതിജീവിച്ചവരുടെ രക്തത്തിലെ ആന്റിബോഡീസ് ഗുരുതരാസ്ഥയിൽ കഴിയുന്ന രോഗികൾക്ക് 'പ്ലാസ്മാഫെറെസിസ്' എന്ന പ്രക്രിയയിലൂടെ, നൽകുകയാണ് അമേരിക്കയിലെ മൌണ്ട് സിനായ് ലാബ്. ഇത് ചൈനയിൽ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
വാഷിംഗ്ടൺ ഡിസി: കൊറോണവൈറസ് അഥവാ കൊവിഡ് 19-നെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അമേരിക്കയിലെ ഗവേഷകർ. കൊവിഡ് രോഗം വന്ന് സുഖപ്പെട്ടവരുടെ രക്തത്തിൽ നിന്ന് ആന്റിബോഡികൾ, അഥവാ പ്രതിരോധാണുക്കൾ ശേഖരിച്ച്, അത് രോഗികൾക്ക് നൽകിയുള്ള പരീക്ഷണത്തിലാണ് അമേരിക്ക ഇപ്പോൾ. ചൈനയിൽ ഈ രീതി പരീക്ഷിച്ചതിലൂടെ, നിരവധി രോഗികളുടെ അസുഖലക്ഷണങ്ങൾ ഭേദപ്പെട്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഒരു പ്രതിരോധവാക്സിൻ കണ്ടെത്താൻ ഊർജിതമായ ശ്രമം നടക്കുന്നത്.
ഇത്തരത്തിലൊരു വാക്സിൻ കണ്ടെത്താനായാൽ അത് ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഒരു മഹാമാരിയ്ക്കുള്ള ഉത്തരമാകുമെന്നും അമേരിക്കയിലെ മൌണ്ട് സിനായ് ലാബ് വ്യക്തമാക്കുന്നു.
undefined
കൊവിഡ് രോഗത്തെ അതിജീവിച്ചവരുടെ രക്തത്തിലെ ആന്റിബോഡീസ് ഗുരുതരാസ്ഥയിൽ കഴിയുന്ന രോഗികൾക്ക് 'പ്ലാസ്മാഫെറെസിസ്' എന്ന പ്രക്രിയയിലൂടെ, നൽകുകയാണ് ഇതിലെ ആദ്യഘട്ടം. ഇതിലൂടെ രോഗികളുടെ രോഗലക്ഷണങ്ങൾ എത്ര കണ്ട് കുറയുന്നുണ്ടെന്ന് പരിശോധിക്കും.
ഈ രീതി ചൈനയിലെ രോഗികളിൽ പരീക്ഷിച്ചപ്പോൾ, 24 മണിക്കൂറിനകം പല രോഗികളുടെയും രോഗലക്ഷണങ്ങളും ദേഹത്ത് വൈറസിന്റെ അളവും കുറഞ്ഞതായി കണ്ടെത്തിയെന്നും, രക്തത്തിൽ ഓക്സിജന്റെ അളവ് കൂടിയെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഈ പരീക്ഷണം വിജയിച്ചാൽ ഈ ആഴ്ച മുതൽത്തന്നെ അമേരിക്കയിൽ ഈ ചികിത്സാ രീതി നടപ്പാക്കിത്തുടങ്ങും.
ഇതിനായി ന്യൂയോർക്ക് ബ്ലഡ് സെന്ററിന്റെയും, മറ്റ് വിദഗ്ധ സ്ഥാപനങ്ങളുടെയും സഹായം തേടിയിരിക്കുകയാണ് മൌണ്ട് സിനായ് ലാബ്. ''രോഗത്തെ അതിജീവിച്ചവരുടെ രക്തം പരിശോധനയ്ക്കായി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ വിശദപരിശോധനകൾ നടത്തിയാൽ, നമ്മുടെ ലോകത്തെത്തന്നെ വിറപ്പിച്ച ഈ മഹാമാരിയ്ക്ക് പ്രതിരോധമെന്തെന്ന് നമുക്ക് കണ്ടെത്താനാകും'', മൌണ്ട് സിനായ് സ്കൂൾ ഓഫ് മെഡിസിൻ ഡീൻ പ്രൊഫ. ഡെന്നിസ് എസ് ചാർനി പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് യുഎസ്സിലെ ഇയാൻ സ്കൂൾ ഓഫ് മെഡിസിനിലെ ആരോഗ്യവിദഗ്ധർ, ഓസ്ട്രേലിയയിലെയും ഫിൻലൻഡിലെയും വിദഗ്ധ ലാബറട്ടറികളുടെ സഹായത്തോടെ, കൊവിഡ് ആന്റിബോഡികൾ കണ്ടെത്താനുള്ള ആന്റിബോഡി ടെസ്റ്റ് കണ്ടെത്തുന്നതിൽ വിജയിച്ചിരുന്നു. ഫ്ലോറിയൻ ക്രാമർ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പരീക്ഷണത്തിൽ വിജയിച്ചത്. ഉടൻ തന്നെ തന്റെയും സംഘത്തിന്റെയും പരീക്ഷണഫലങ്ങളും ഈ ടെസ്റ്റ് നടത്തേണ്ടതിന്റെ ക്രമങ്ങളും ഡോ. ക്രാമർ തന്റെ വെബ്സൈറ്റിലൂടെ മറ്റ് രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധർക്കായി പങ്കുവച്ചിരുന്നു. എല്ലാ രാജ്യങ്ങൾക്കും ഇനി കൊവിഡ് ആന്റിബോഡികൾക്ക് മേൽ പരീക്ഷണങ്ങൾ നടത്താമെന്ന കുറിപ്പോടെ.
പ്ലാസ്മാഫെറെസിസ് എന്ന പ്രക്രിയയിലൂടെ നടത്തുന്ന ഈ ആന്റിബോഡി ടെക്സ്റ്റ് വിജയകരമായാൽ, ഒരു രോഗിയുടെ ദേഹത്ത് എത്രത്തോളം വൈറസ് ബാധയുണ്ടായിട്ടുണ്ട് എന്നത് മുതൽ രോഗം എത്ര കാലം നിലനിൽക്കുമെന്നത് വരെ ഡോക്ടർമാർക്ക് കണക്കുകൂട്ടാനാകും. വൈറസിനെ അതിജീവിച്ചവരുടെ രക്തം എങ്ങനെയാണ് ഇതിനെ നേരിട്ടതെന്ന് വിശദമായി പഠിക്കാനുമാകും.
മൌണ്ട് സിനായ് ലാബ് പുറത്തുവിട്ട വിശദമായ കുറിപ്പ് ഇവിടെ