ബ്രിട്ടനിൽ തീവ്രവലത് വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം, കടകൾ കൊള്ളയടിച്ചു, അറസ്റ്റിലായത് 90ലേറെ പേർ

By Web Team  |  First Published Aug 4, 2024, 2:11 PM IST

ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, മാഞ്ചെസ്റ്റർ, സ്റ്റോക്ക് ഓൺ ട്രെന്റ്, ബ്ലാക്ക് പൂൾ, ബെൽഫാസ്റ്റ് അടക്കമുള്ള മേഖലകളിലാണ് തീവ്ര വലതുപക്ഷ പ്രവർത്തകരുടെ പ്രതിഷേധം വലിയ രീതിയിലെ അക്രമത്തിൽ കലാശിച്ചത്. പൊലീസിനെ ആക്രമിച്ച പ്രതിഷേധക്കാർ മേഖലയിലെ കടകളും കൊള്ളയടിച്ചു


ലണ്ടൻ: തീവ്ര വലത് വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ അക്രമത്തിൽ കലാശിച്ചു. ബ്രിട്ടനിൽ അറസ്റ്റിലായത് 90ലധികം പേർ. ശനിയാഴ്ച ബ്രിട്ടന്റെ വിവിധ മേഖലകളിലായുണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് വലിയ രീതിയിലുള്ള അക്രമങ്ങളിൽ കലാശിച്ചത്. ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, മാഞ്ചെസ്റ്റർ, സ്റ്റോക്ക് ഓൺ ട്രെന്റ്, ബ്ലാക്ക് പൂൾ, ബെൽഫാസ്റ്റ് അടക്കമുള്ള മേഖലകളിലാണ് തീവ്ര വലതുപക്ഷ പ്രവർത്തകരുടെ പ്രതിഷേധം വലിയ രീതിയിലെ അക്രമത്തിൽ കലാശിച്ചത്. പൊലീസിനെ ആക്രമിച്ച പ്രതിഷേധക്കാർ മേഖലയിലെ കടകളും കൊള്ളയടിച്ചു. 

വിദ്വേഷം പടർത്താനുള്ള ഒരു ശ്രമങ്ങളോടും സഹിഷ്ണുത കാണിക്കില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ വിശദമാക്കിയത്. വിദ്വേഷം വളർത്താനാണ് ഇത്തരം പ്രതിഷേധങ്ങളെന്നും പ്രധാമന്ത്രി വിശദമാക്കി. കഴിഞ്ഞ തിങ്കളാഴ്ച മേഴ്സിസൈഡിലെ സൌത്ത് പോർട്ടിൽ ഒരു നൃത്ത പരിപാടിയിൽ വച്ച് മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇഷ്ടികകളും കുപ്പികളും അടക്കമുള്ളവയുമായി പ്രതിഷേധക്കാർ  നിരത്തുകളിലെത്തുകയായിരുന്നു. പൊലീസിന് നേരെ കല്ലുകളും ഇഷ്ടികകളും അടക്കമുള്ളവയാണ് പ്രതിഷേധക്കാർ വലിച്ചെറിഞ്ഞത്. ആയിരക്കണക്കിന് കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാരാണ് വിവിധ ഇടങ്ങളിൽ സംഘടിച്ചെത്തിയത്. 

Latest Videos

undefined

ഇതിനിടെ പ്രതിഷേധക്കാർക്കെതിരെയും ആളുകൾ സംഘടിച്ച് മുദ്രാവാക്യം വിളിക്കുന്ന സംഭവങ്ങൾക്കും ബ്രിട്ടൻ ശനിയാഴ്ച വേദിയായി. സുരക്ഷാ കവചങ്ങൾ ധരിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധക്കാർ പടക്കം പൊട്ടിച്ചെറിയുന്നതടക്കമുള്ള സംഭവങ്ങളുണ്ടായി. വാൾട്ടണിൽ ഒരു ലൈബ്രറിക്ക് പ്രതിഷേധക്കാർ തീവച്ചു. ഞായറാഴ്ച പുലർച്ച വരേയും പലയിടത്തും സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു. പ്രതിഷേധം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ പേരിൽ അക്രമം നടത്താൻ ആരെയും അനുവദിക്കില്ലെന്നും കർശനമായ നടപടിയെടുക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!