കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ വാഹിനിയിൽ 96 മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജനായുണ്ടായിരുന്നത്.
അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിക്കായുള്ള തെരച്ചിലിനിടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡാണ് വിവരം പുറത്ത് വിട്ടത്. ഇത് കാണാതായ അന്തര്‍വാഹിനിയുടെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ടൈറ്റൻ അന്തര്‍വാഹിനിയിലെ ഓക്സിജൻ തീർന്നിരിക്കാനാണ് സാധ്യത. കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ അന്തര്‍വാഹിനിയിൽ 96 മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജനാണ് ഉണ്ടായിരുന്നത്. അന്തര്‍വാഹിനിക്കായി കപ്പലുകളും റിമോട്ടായി പ്രവർത്തിപ്പിക്കുന്ന റോബോട്ടുകളും അടക്കം അന്തര്‍വാഹിനിയെ കണ്ടെത്താനുള്ള തെരച്ചിലിൽ പങ്കെടുത്തിരുന്നു. പലതവണ കടലിന്റെ അടിത്തട്ടിൽ നിന്ന് ശബ്ദം കേട്ടെങ്കിലും ഇത് എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ലോകചരിത്രത്തിലെ അസാധാരണമായ ഒരു തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിക്കുന്നത്. 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ 1985 ലാണ് ഗവേഷകർ കണ്ടെത്തിയത്. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ആ അവശിഷ്ടങ്ങൾ കാണിക്കാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തർവാഹിനിയാണ് കാണാതെയായത്. ഒഷൻ ഗേറ്റ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഈ ആഴക്കടൽ ടൂറിനായി ഒരാൾ നൽകേണ്ട ഫീസ് രണ്ട് കോടി രൂപയാണ്.
എട്ട് മണിക്കൂർ സമയത്തിൽ കടനിലിനടിയിൽ പോയി ടൈറ്റാനിക് കണ്ട് തിരിച്ചു വരാം. അങ്ങനെ പോയ പേടകമാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചു വരാത്തത്. കടലിലേക്ക് പോയി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ പേടകവുമായുളള ബന്ധം നഷ്ടമാവുകയായിരുന്നു.
ഇത്രയും തുക മുടക്കി പേടകത്തിൽ ഇത്തവണ പോയവർ ആരൊക്കെ?
അഞ്ച് പേരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ് , ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം