ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുങ്ങിക്കിടന്ന അണ്ടർപാസിനുള്ളിൽ നിന്ന് കുടുങ്ങിക്കിടന്ന വാഹനങ്ങൾ നീക്കാൻ തുടങ്ങിയത്.
വലൻസിയ: മിന്നൽ പ്രളയത്തിൽ മുങ്ങിയ അണ്ടർപാസിൽ കുടുങ്ങിയ കാറിൽ നിന്ന് മൂന്ന് ദിവസത്തിന് ശേഷം യുവതിക്ക് രക്ഷ. സ്പെയിനിലെ വലൻസിയയിലാണ് സംഭവം. മിന്നൽ പ്രളയത്തിൽ മുങ്ങിയ അണ്ടർ പാസിൽ കാറിനുള്ളിൽ 72 മണിക്കൂറിലധികമാണ് യുവതി കുടുങ്ങിയത്. ചെളിയും വെള്ളവും നിറഞ്ഞ അണ്ടർ പാസിൽ കുടുങ്ങിയ കാറുകളിൽ നിന്ന് മരിച്ച നിലയിൽ ആളുകളെ പുറത്തെടുത്തപ്പോഴാണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടത്.
കാറിനുള്ളിൽ നിന്ന് ജീവനോടെ ആരെയും കണ്ടെത്താനാവുമെന്നുള്ള പ്രതീക്ഷയിൽ അല്ല തെരച്ചിൽ ആരംഭിച്ചതെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സിവിൽ പ്രൊട്ടക്ഷൻ സർവ്വീസ് മേധാവി മാർട്ടിൻ പെരേസ് വിശദമാക്കുന്നത്. ശനിയാഴ്ച ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുങ്ങിക്കിടന്ന അണ്ടർപാസിനുള്ളിൽ നിന്ന് കുടുങ്ങിക്കിടന്ന വാഹനങ്ങൾ നീക്കാൻ തുടങ്ങിയത്.
റോഡിൽ പെട്ടന്ന് കയറിയ വെള്ളപ്പാച്ചിലിലാണ് യുവതിയുടെ കാർ അണ്ടർപാസിൽ കുടുങ്ങിയത്. വലൻസിയയിലെ ബെനെറ്റൂസർ അണ്ടർപാസിലാണ് യുവതി കാറിനുള്ളിൽ കുടുങ്ങിയത്. നിരവധി കാറുകളാണ് മഴവെള്ളപ്പാച്ചിലിൽ ഇവിടേക്ക് ഒലിച്ച് എത്തിയത്. വാഹനം നീക്കാനുള്ള ശ്രമങ്ങൾക്കിടെ വെള്ളിയാഴ്ച വൈകിയാണ് യുവതിയുടെ നിലവിളി രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്നത്. മണിക്കൂറുകളുടെ ശ്രമഫലമായാണ് അണ്ടർപാസിലെ വാഹനങ്ങൾ രക്ഷാപ്രവർത്തകർക്ക് നീക്കാൻ സാധിച്ചത്. ചെളി നിറഞ്ഞ കാറിൽ നിന്ന് അവശനിലയിലാണ് യുവതിയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
യുവതിയെ രക്ഷിക്കാനായത് അത്ഭുതമെന്നാണ് രക്ഷാപ്രവർത്തകർ വിശദമാക്കുന്നത്. ചൊവ്വാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ സ്പെയിനിൽ കൊല്ലപ്പെട്ടത് 217ലേറെ പേരാണ്. കാണാതായവരുടെ എണ്ണം ഇനിയും ലഭ്യമായിട്ടില്ല. മുന്നറിയിപ്പ് സംവിധാനങ്ങൾ പാളിയതിന് പിന്നാലെയാണ് സ്പെയിനിൽ ഇത്രയധികം ആളുകൾ മിന്നൽ പ്രളയത്തിൽ കൊല്ലപ്പെട്ടത്. എട്ട് മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയത് ഒരു വർഷം പെയ്യേണ്ട മഴയാണ് വലൻസിയയിൽ ലഭിച്ചതെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ഏറെക്കാലമായി മഴ പെയ്യാതിരുന്ന മേഖലയിൽ പെട്ടന്നുണ്ടായ അതിശക്ത മഴയിലെ ജലം ആഗിരണം ചെയ്യാൻ സാധ്യമാകാത്ത നിലയിൽ മണ്ണിനെ എത്തിച്ചതായും വിദഗ്ധർ കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം