തിരിച്ചടിക്കുമെന്ന് ഇസ്രായേൽ, പിന്തുണയെന്ന് അമേരിക്ക, ഇറാന്റെ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിൽ

By Web TeamFirst Published Oct 2, 2024, 12:27 PM IST
Highlights

ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് പതിച്ചത് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിൻ്റെ ടെൽ അവീവിലെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ട്

ദില്ലി: ഇറാൻ-ഇസ്രായേൽ സംഘർഷം മൂർച്ഛിക്കെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. കഴിഞ്ഞ ദിവസം ഇറാൻ, ഇസ്രായേലിന് നേരെ വ്യോമാക്രമണം ശക്തമാക്കിയതോടെ മേഖല വീണ്ടും സംഘർഷഭരിതമാകും. ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ വ്യക്തമാക്കുകയും ആവശ്യമായ പിന്തുണ അമേരിക്ക വാ​ഗ്ദാനം ചെയ്യുകയും ചെയ്തതോടെ ഏത് സമയവും ആക്രമണമുണ്ടായേക്കാമെന്ന പ്രതീതിയിലാണ് മേഖല.

ലെബനൻ, ​ഗാസ എന്നിവിടങ്ങളിലേക്ക് ഇസ്രായേൽ നടത്തുന്ന അക്രമണങ്ങളിൽ അവസാനിപ്പിച്ചില്ലെങ്കിൽ തുടർ ആക്രമണങ്ങളുണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഹമാസ്, ഹിസ്ബുല്ല നേതാക്കളെ കൊലപ്പെടുത്തിയതിന്റെ തിരിച്ചടിയായിട്ടാണ് 200ഓളം മിസൈലുകൾ ഇസ്രായേലിലേക്ക് തൊടുത്തതെന്ന് ഇറാൻ വ്യക്തമാക്കുകയും ചെയ്തു. ലെബനനിലേക്ക് ഇസ്രായേൽ നടത്തിയ തുടർ ആക്രമണണങ്ങളിൽ നിരവധിപേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ലയെയും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയിരുന്നു. 

Latest Videos

ഇറാന്റെ ആക്രമണത്തെ ഇസ്രയേൽ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ്  വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേലിനെ അമേരിക്കയും സഖ്യ കക്ഷികളും സഹായിക്കുമെന്നും ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. തുടർ നടപടികളെ കുറിച്ച് അമേരിക്ക ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി. അതേസമയം, മേഖലയിൽ വ്യോമപാത തത്കാലികമായി അടച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങൾ. ലെബനൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾ തത്കാലികമായി വ്യോമപാത അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകളാണെന്നാണ് റിപ്പോർട്ടുകൾ. ഇറാന്‍റെ ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ മിസൈലുകളെ പ്രതിരോധിക്കാനും വെടിവെച്ച് വീഴ്ത്താനും പ്രസിഡന്‍റ് ജോ ബൈഡൻ അമേരിക്കൻ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 

Read More... ഇറാൻ വർഷിച്ച മിസൈലുകളിലൊന്ന് പതിച്ചത് മൊസാദ് ആസ്ഥാനത്തിന് സമീപം; വൻ ഗർത്തം രൂപപ്പെട്ടു, വീഡിയോ പുറത്ത്

ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് പതിച്ചത് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിൻ്റെ ടെൽ അവീവിലെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ട്. മിസൈൽ ആക്രമണത്തിൽ മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ​ഗർത്തത്തിന്റെ വീഡിയോയും പ്രചരിച്ചു. മൊസാദ് ആസ്ഥാനത്ത് നിന്ന് 3 കിലോമീറ്ററിൽ താഴെയുള്ള ഹെർസ്ലിയയിലെ ഒരു ബഹുനില അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ നിന്ന് ചിത്രീകരിച്ചതാണെന്ന് സിഎൻഎൻ കണ്ടെത്തി.   

Asianet News Live

click me!