ലോകമെമ്പാടുമുള്ള മക്‌ഡൊണാൾഡിൻ്റെ ഭൂരിഭാഗം റെസ്റ്റോറന്‍റുകളും പ്രാദേശിക ഫ്രാഞ്ചൈസികളാണ് നടത്തുന്നത്.
ന്യൂയോർക്ക്: ഫാസ്റ്റ് ഫുഡ് ഭീമൻ മക്ഡൊണാൾഡ്സ് ഇസ്രയേലിലെ റസ്റ്റോറന്റുകൾ തിരികെ വാങ്ങുന്നു. 225 ഔട്ട്‍ലെറ്റുകളാണ് ഇസ്രയേലിലെ ഫ്രാഞ്ചൈസിയായ അലോന്യലിൽ നിന്നും തിരികെ വാങ്ങുന്നത്. മക്ഡോണൾഡ്സ് ഇസ്രയേൽ സൈനികരെ സഹായിക്കുന്നു എന്ന വിമർശനം ശക്തമായതിനെ തുടർന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലായി ബഹിഷ്കരണ ആഹ്വാനം ഉയർന്നിരുന്നു. ഇതോടെ വിൽപ്പനയിൽ വൻ ഇടിവ് നേരിട്ടതായി കമ്പനി തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് റെസ്റ്റോറന്‍റുകള്‍ ഫ്രാഞ്ചൈസിയിൽ നിന്ന് തിരികെ വാങ്ങുന്നത്.
30 വർഷമായി തങ്ങളുടെ സമൂഹത്തെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനം എന്നായിരുന്നു അലോനിയൽ സിഇഒ ഒമ്രി പദാന്‍റെ പ്രതികരണം. ഇസ്രയേലിലെ മക്‌ഡൊണാൾഡ്‌സ് റെസ്റ്റോറൻ്റുകളിലുടനീളം അയ്യായിരത്തിലധികം പേർ ജോലി ചെയ്തിരുന്നു. അതേസമയം ഫ്രാഞ്ചൈസി മാറുമെങ്കിലും ഇസ്രായേലിൽ ഇനിയും തുടരുമെന്നും ഉപഭോക്താക്കള്‍ക്ക് നല്ല അനുഭവം ഉറപ്പാക്കുമെന്നും മക്ഡോണാൾഡ്സ് വ്യക്തമാക്കി. അതേസമയം ഇടപാടിൻ്റെ വ്യവസ്ഥകൾ വെളിപ്പെടുത്തിയിട്ടില്ല.
ലോകമെമ്പാടുമുള്ള മക്‌ഡൊണാൾഡിൻ്റെ ഭൂരിഭാഗം റെസ്റ്റോറന്‍റുകളും പ്രാദേശിക ഫ്രാഞ്ചൈസികളാണ് നടത്തുന്നത്. ഈ ഫ്രാഞ്ചൈസികള്‍ സ്വതന്ത്ര ബിസിനസ് എന്ന പോലെ പ്രവർത്തിക്കുന്നു. ജീവനക്കാരുടെ വേതനവും ഭക്ഷണത്തിന്‍റെ വിലയും അവർ നിശ്ചയിക്കുന്നുവെന്നും അവരുടെ വിവേചനാധികാര പ്രകാരം പ്രസ്താവനകള്‍ നടത്തുകയും സംഭാവനകള്‍ നൽകുകയും ചെയ്യുന്നുവെന്നുമാണ് മക്ഡൊണാൾഡിന്‍റെ വിശദീകരണം.
ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങിയ ശേഷം സൈനികർക്കും സുരക്ഷാ സേനയ്ക്കും അലോനിയൽ മക്ഡോണാൾഡ്സ് റെസ്റ്റോറന്‍റുകളിൽ ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ മിഡിൽ ഈസ്റ്റിലെയും പാകിസ്ഥാനിലെയും ഫ്രാഞ്ചൈസി ഗ്രൂപ്പുകൾ, ഇസ്രായേലി ഫ്രാഞ്ചൈസിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി. ലോകത്തിന്‍റെ പല ഭാഗങ്ങളിലും മക്ഡോണാൾഡ്സിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളുമുണ്ടായി. ലെബനനിൽ ഉള്‍പ്പെടെ ചിലയിടങ്ങളിൽ റെസ്റ്റോറന്‍റുകള്‍ ആക്രമിക്കപ്പെട്ടു. തുടർന്ന് മക്ഡൊൻാൾഡ്സ് ഇക്കാരത്തിൽ നിഷ്പക്ഷമാണെന്നും പ്രാദേശിക ഓപ്പറേറ്റർമാരാണ് അതത് പ്രദേശങ്ങളിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സിഇഒ കെംപ്സിൻസ്കി വ്യക്തമാക്കി. ഫ്രാഞ്ചൈസി മാറുമെങ്കിലും ഇസ്രയേലിലിൽ ഇനിയും ഉണ്ടാകുമെന്ന് മക്ഡൊണാൾഡ്സ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം