ഗറില്ലാ യുദ്ധമുറകൾക്കും മറ്റും പ്രസിദ്ധമായ അമേരിക്കൻ സൈന്യത്തിലെ പ്രത്യേക വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ട്രംപ് ഹോട്ടലിന് മുന്നിൽ പൊട്ടിത്തെറിച്ച സൈബർ ട്രെക്ക് ഓടിച്ചിരുന്നത്
ലാസ് വേഗസ്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഹോട്ടലിന് മുൻപിൽ പൊട്ടിത്തെറിച്ച് ടെസ്‌ല ട്രക്ക് ഓടിച്ചിരുന്നത് അമേരിക്കൻ സൈനികൻ. ട്രക്ക് പൊട്ടിത്തെറിക്കും മുൻപ് ഇയാൾ സ്വയം നിറയൊഴിച്ചിരുന്നു എന്നാണ് അന്വേഷണ സംഘം വിശദമാക്കുന്നത്. ബുധനാഴ്ചയായിരുന്നു പൊട്ടിത്തെറി നടന്നത്. നിലിവിൽ യുഎസ് സൈന്യത്തിലെ ഗ്രീൻ ബെരറ്റിന്റെ ഭാഗമായ മാത്യു അലൻ ലിവെൽസ്ബെർഗർ എന്ന ഉദ്യോഗസ്ഥനായിരുന്നു ടെസ്ലയുടെ സൈബർ ട്രെക്കുമായി ട്രംപ് ഇന്റർനാഷണൽ ഹോട്ടലിലെത്തിയത്.
മാസ്റ്റർ സർജെന്റ് പദവിയിലാണ് ഇയാളുള്ളത്. ജർമനിയിൽ സ്പെഷ്യൽ ഗ്രൂപ്പിൽ നിയമിതനായ ഇയാൾ സ്ഫോടനം നടക്കുന്ന സമയത്ത് ലീവിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. അമേരിക്കൻ സൈന്യത്തിലെ പ്രത്യേക വിഭാഗമാണ് ഗ്രീൻ ബെരറ്റ്സ്. വിദേശ രാജ്യങ്ങളിൽ ഗറില്ല യുദ്ധമുറകളും പരമ്പരാഗതമല്ലാത്ത ടെക്നികുകളും പ്രയോഗിക്കുന്ന ഉന്നത വിഭാഗം സൈനികരാണ് ഗ്രീൻ ബെരറ്റ്സ്. സ്ഫോടനം നടക്കുന്നതിന് പിന്നാലെ തന്നെ ഇയാൾ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ കാറിനുള്ളിലുണ്ടായിരുന്നയാൾ ഉദ്യോഗസ്ഥൻ തന്നെയാണെന്ന് ഔദ്യോഗിക പരിശോധനയ്ക്ക് ശേഷം മാത്രമാകും സ്ഥിരീകരിക്കുക എന്നും അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കി. തിരിച്ചറിയാനാവാത്ത രീതിയിൽ കത്തിക്കരിഞ്ഞ നിലയിലാണ് സൈബർ ട്രക്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
എന്നാൽ ട്രംപ് ഹോട്ടലിന് മുന്നിൽ ഇലോൺ മസ്കിന്റെ ടെസ്ലയുടെ അഭിമാന കാറുമായെത്തി സ്ഫോടനം നടത്തിയ വ്യക്തിയുടെ പ്രേരണ എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഏതെങ്കിലും ഭീകരവാദ സംഘടനകളുമായി സംഭവത്തിന് ബന്ധമുള്ളതായി സംശയിക്കത്തക്ക വിധമുള്ള സൂചനകൾ നിലവിൽ ലഭ്യമായിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ലാസ് വേഗസിലുണ്ടായത് ഒറ്റപ്പെട്ട സംഭവമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘമുള്ളത്.
ട്രംപ് ഹോട്ടലിന് മുൻപിൽ പൊട്ടിത്തെറിച്ച് സൈബർ ട്രക്ക്, ഒരാൾ മരിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഡിസംബർ 28ന് വാടകയ്ക്ക് എടുത്ത സൈബർ ട്രെക്ക് കൊളറാഡോ, ന്യൂ മെക്സിക്കോ, അരിസോണ, നെവാഡ എന്നിവിടങ്ങളിലെ വിവിധ ചാർജ്ജിംഗ് സ്റ്റേഷനുകളിൽ ചാർജ്ജ് ചെയ്താണ് ലാസ് വേഗസിലെത്തിയത്. ബുധനാഴ്ച രാവിലെ 7.29 ഓടെ നഗരത്തിലെത്തിയ വാഹനം ട്രംപ് ഹോട്ടലിന് മുന്നിലെത്തി ഏറെ വൈകാതെ പൊട്ടിത്തെറിക്കുകയായിരുന്നു. ട്രംപ് ഹോട്ടലിന്റെ 40 ാം നിലയി വരെ പൊട്ടിത്തെറിയുടെ പ്രകമ്പനം എത്തിയതായാണ് ഇവിടെ തങ്ങിയിരുന്ന അതിഥികൾ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം