ഹിസ്ബുല്ലയ്ക്കെതിരെയും ഹമാസിനെതിരെയും സംഘർഷം തുടരുന്നതിനിടെയായിരുന്നു നെതന്യാഹുവിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ജനങ്ങളുടെ പ്രതിഷേധം. പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിനെതിരെ ഇസ്രായേലിലെ ജനങ്ങൾ തന്നെ രംഗത്തിറങ്ങിയത്. ഒരേ സമയം ഒന്നിലധികം മുന്നണികളിൽ പോരാട്ടം തുടരുന്നതിനിടെയാണ് നെതന്യാഹു പ്രതിരോധ മന്ത്രിയെ മാറ്റിയത്.
ഹിസ്ബുല്ലയ്ക്കെതിരെയും ഹമാസിനെതിരെയും നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പരിചയസമ്പന്നനും മുൻ ജനറലുമായിരുന്ന യോവ് ഗാലന്റ്. ഹിസ്ബുല്ലയിൽ നിന്ന് നിരന്തരമായി ഭീഷണി ഉയരുന്ന സാഹചര്യത്തിൽ യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് നീക്കിയതാണ് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. ഇസ്രായേലിന്റെ സുരക്ഷ അപകടകരമായ രീതിയിൽ തുടരുന്നതിനിടെയായിരുന്നു ഏവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള നെതന്യാഹുവിന്റെ തീരുമാനം എത്തിയത്. ഇതോടെ ജനങ്ങൾ വ്യാപക പ്രതിഷേധവുമായി തെരുവിലിറങ്ങി.
ആയിരക്കണക്കിന് പ്രതിഷേധക്കാർ സെൻട്രൽ ടെൽ അവീവിലും മറ്റ് നഗരങ്ങളിലും തടിച്ചുകൂടി. ടെൽ അവീവിൽ പ്രതിഷേധക്കാർ റോഡ് തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ താത്പ്പര്യം സംരക്ഷിക്കേണ്ടതിന് പകരം നെതന്യാഹു സ്വന്തം താത്പ്പര്യത്തിന് പ്രാധാന്യം നൽകുന്നു എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാൽ, ഗാലന്റിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും രാജ്യം യുദ്ധമുഖത്ത് നിൽക്കുമ്പോൾ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മിൽ പൂർണവിശ്വാസം ആവശ്യമാണെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഗാലന്റിന് പകരം പരിമിതമായ സൈനിക പരിചയമുള്ള വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സിനെയാണ് പ്രതിരോധ മന്ത്രിയായി നിയമിച്ചിരിക്കുന്നത്. നെതന്യാഹുവിന്റെ അടുത്ത അനുയായികളിൽ ഒരാളാണ് ഇസ്രായേൽ കാറ്റ്സ്.
READ MORE: 'ഇനി അമേരിക്കയുടെ സുവർണ കാലം'; ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്