നസീർ മെഡിക്കൽ കോംപ്ലക്സിന്റെ പരിസരത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയെതെന്നാണ് പുറത്ത് വരുന്ന വിവരം
ഗാസ: ഗാസയിൽ ഖാൻ യൂനിസിൽ ഇസ്രയേൽ സൈന്യം പിൻമാറിയ ആശുപത്രി പരിസരത്ത് നിന്ന് 60 മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോർട്ട്. നസീർ മെഡിക്കൽ കോംപ്ലക്സിന്റെ പരിസരത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയെതെന്നാണ് പുറത്ത് വരുന്ന വിവരം. മുഴുവൻ മൃതദേഹങ്ങളും പുറത്തെടുത്താലാണ് ഈ കുട്ടക്കുഴിമാടത്തിൽ എത്ര പേരെയാണ് സംസ്കരിച്ചതെന്ന് വ്യക്തമാകൂവെന്നാണ് പലസ്തീൻ പ്രതിരോധ വക്താവ് ഞായറാഴ്ച വ്യക്തമാക്കിയത്.
ആരോപണം പരിശോധിക്കുകയാണെന്നാണ് ഇസ്രയേൽ സൈനിക വൃത്തങ്ങൾ വിശദമാക്കിയിട്ടുള്ളത്. ഖാൻ യൂനിസിൽ നിന്ന് ഏപ്രിൽ 7ന് സേനയെ പിൻവലിച്ചെന്നാണ് ഇസ്രയേൽ വിശദമാക്കുന്നത്. ഇസ്രയേലിന് 13 ബില്യൺ ഡോളറിന്റെ സൈനിക സഹായം അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ഗാസാ മേഖലയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് ആഗോള തലത്തിൽ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് അമേരിക്ക ഇസ്രയേലിന് വീണ്ടും സൈനിക സഹായം പ്രഖ്യാപിച്ചത്.
undefined
പ്രായമായ സ്ത്രീകളുടേും കുട്ടികളുടേയും യുവാക്കളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച അൽ ഷിഫ ആശുപത്രി പരിസരത്തും കൂട്ട ശവക്കുഴി കണ്ടെത്തിയിരുന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 34000ൽ അധികം പലസ്തീൻകാരാണ് ഇതിനോടകം കൊല്ലപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അതേസമയം സൈന്യത്തിന് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്ന് ഇസ്രയേൽ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്ക ഉപരോധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം