പൊലീസുകാരന്റെ വീട്ടിൽ നിന്ന് മുട്ടയും കോഴിയും മോഷ്ടിച്ച 17കാരന് തൂക്ക് കയർ വിധിച്ചത് 2014ലാണ്. പത്ത് വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ് ശിക്ഷയിൽ ഇളവ് പ്രഖ്യാപിക്കുന്നത്
കാനോ: പൊലീസുകാരന്റെ വീട്ടിൽ നിന്ന് കോഴിയും മുട്ടയും അടിച്ച് മാറ്റിയതിന് വധശിക്ഷ നേരിട്ട് ജയിലിൽ കഴിയുന്ന യുവാവിന് ഒടുവിൽ മോചനത്തിനുള്ള അവസരം ഒരുങ്ങുന്നു. നൈജീരിയയിലാണ് സംഭവം. നൈജീരിയയിലെ തെക്ക് പടിഞ്ഞാറൻ സംസ്ഥാനമായ ഓസുനിലാണ് സംഭവം. 2010ൽ 17 വയസ് പ്രായമുള്ളപ്പോഴാണ് സീദുൺ ഓലോവുക്കേഴ്സ് കോഴി, മുട്ട മോഷണത്തിന് പിടിയിലായത്. മൊരാകിനിയോ സൺഡേ എന്ന പങ്കാളിക്കൊപ്പമാണ് സീദുൺ ഓലോവുക്കേഴ്സ് പിടിയിലായത്.
പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ തോക്കുമായി എത്തിയ ശേഷം കോഴിയും മുട്ടയും മോഷ്ടിച്ചതിനായിരുന്നു അറസ്റ്റ്. 2014ൽ ഒസുണിലെ സംസ്ഥാന ഹൈക്കോടതിയാണ് രണ്ട് പേരെയും തൂക്കുമരണത്തിന് വിധിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ആയുധവുമായി അതിക്രമിച്ച് കയറിയെന്ന കുറ്റത്തിനായിരുന്നു നടപടി. വിധിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയർന്നിരുന്നു.
undefined
തൂക്കുകയർ വിധിച്ചതിന് പിന്നാലെ രണ്ട് പേരെയും നൈജീരിയയിലെ കുപ്രസിദ്ധമായ അതിസുരക്ഷാ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ലാഗോസിലെ കിരികിരി അതിസുരക്ഷാ ജയിലിൽ തൂക്കിക്കൊല്ലാനുള്ള കുറ്റവാളികളുടെ പട്ടികയിൽ മരണം കാത്ത് കഴിയുന്നതിനിടയിലാണ് ഗവർണർ യുവാവിന് മാപ്പ് നൽകുമെന്ന് വ്യക്തമാക്കിയത്. ചൊവ്വാഴ്ചയാണ് ഗവർണർ അഡിമൊളേ അഡിലേകേ യുവാവിന് ശിക്ഷാ ഇളവ് നൽകിയേക്കുമെന്ന് വിശദമാക്കിയത്. ജീവന്റെ മാഹാത്മ്യം ഉയർത്തിക്കാണിക്കുന്നതിനായാണ് നീക്കമെന്നാണ് ഗവർണർ വിശദമാക്കുന്നത്.
എന്നാൽ സീദുൺ ഓലോവുക്കേഴ്സിനൊപ്പം തൂക്കുകയർ വിധിച്ച രണ്ടാം പ്രതിയുടെ കാര്യത്തിൽ ഇനിയും തീരുമാനമൊന്നും എടുത്തിട്ടില്ല. വർഷങ്ങളായി കോടതി വിധിക്കെതിരെ സീദുൺ ഓലോവുക്കേഴ്സിന്റെ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും യുവാവിന്റെ മോചനത്തിനായി പ്രവർത്തിക്കുകയാണ്. 2025ന്റെ തുടക്കത്തോടെ യുവാവിനെ ജയിൽ മോചിതനാക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2012ന് ശേഷം നൈജീരിയയിൽ ആരെയും തൂക്കി കൊന്നിട്ടില്ല. 3400 പേരാണ് ഇവിടെ തൂക്കുകയർ കാത്ത് കിടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം