വീടിനടുത്തുള്ള റോഡിൽ തുപ്പിയത് നിർണായക തെളിവായി; കുടുങ്ങിയത് 36 വർഷം മുമ്പ് യുവതിയെ കൊന്ന കേസിലെ പ്രതി

By Web Team  |  First Published Sep 23, 2024, 12:52 PM IST

25 വയസുകാരിയുടെ അപ്പാർട്ട്മെന്റിലേക്ക് അവരുടെ അമ്മ ഫോൺ വിളിക്കുന്നതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മൂന്ന് വയസുകാരി മകൾ ഫോണെടുത്ത് പറഞ്ഞത്, അമ്മ ഉണരുന്നില്ലെന്നായിരുന്നു.


ബോസ്റ്റൺ: 36 വർഷത്തിലധികം പഴക്കമുള്ള കൊലപാതക കേസിൽ യാദൃശ്ചികമായി പ്രതിയെ കുടുക്കിയിരിക്കുകയാണ് അമേരിക്കയിലെ പൊലീസ്. 1988ൽ ബോസ്റ്റണിൽ 25കാരി കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവിടുത്തെ പൊലീസ് കുടുക്കിയത്. തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്ന് രക്ഷപ്പെട്ട പ്രതി വീടിന് സമീപത്ത് ഒരു സ്ഥലത്ത് തുപ്പിയതാണ് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കേസ് തെളിയുന്നതിൽ നിർണായകമായത്. 

25 വയസുകാരിയായ കരെൻ ടെയ്ലർ എന്ന യുവതി 1988 മേയ് 27നാണ് ബോസ്റ്റണിലെ റക്സ്ബറിയിൽ മരിച്ചത്. ടെയ്‍ലറുടെ അപ്പാർട്ട്മെന്റിലേക്ക് ഫോൺ വിളിച്ച അമ്മയ്ക്ക് അവരുമായി സംസാരിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഫോണെടുത്ത മൂന്ന് വയസുകാരി മകൾ, അമ്മ ഉറങ്ങുകയാണെന്നും വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നും പറയുകയായിരുന്നു. ഇതറി‌ഞ്ഞ് അമ്മ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അപ്പാർട്ട്മെന്റിലെത്തിയെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ല. പിന്നിലെ ജനലിലൂടെ പണിപ്പെട്ട് അകത്ത് കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടന്ന ടെയ്ലറെ കണ്ടതെന്ന് സഫോക് കൗണ്ടി കോടതിയിൽ അമ്മ കൊടുത്ത മൊഴിയിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം നെഞ്ചിലും തലയിലും കഴുത്തിലും പതിനഞ്ചിലേറെ തവണ കുത്തേറ്റാണ് മരണം സംഭവിച്ചത്.

Latest Videos

undefined

യുവതിയുടെ നഖത്തിൽ നിന്നും രക്തത്തിൽ കുളിച്ച വസ്ത്രത്തിൽ നിന്നും മൃതദേഹത്തിന് സമീപത്തു നിന്ന് കിട്ടിയ സിഗിരറ്റിൽ നിന്നും ഒരാളുടെ ഡിഎൻഎ പൊലീസിന് അന്ന് ലഭിച്ചിരുന്നു. അന്വേഷണത്തിൽ ജെയിംസ് ഹോളോമാൻ എന്നയാളാണ് കൊലയാളിയെന്ന് പൊലീസ് ഏതാണ്ട് കണ്ടെത്തി. എന്നാൽ ഇയാളെ കുറ്റവുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. ഇയാൾക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലം ഇല്ലാതിരുന്നതും തുണയായി. 

എന്നാൽ അടുത്തിടെ വീടിന് പുറത്ത് ഒരു സ്ഥലത്ത് തുപ്പിയപ്പോൾ പൊലീസ് സംഘം അതിൽ നിന്ന് പ്രതിയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. ഇതാണ് നേരത്തെ ലഭിച്ച ഡിഎൻഎയുമായി ഒത്തുനോക്കി, ഇയാൾ തന്നെയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്. 19ന് ഇയാളെ കസ്റ്റഡിയിലെടുത്തു. വർഷമിത്രയും കഴിഞ്ഞിട്ടും പ്രതിയുടെ പിന്നാലെ സഞ്ചരിച്ച പൊലീസ് സംഘം മികച്ച അന്വേഷണമാണ് നടത്തിയിരിക്കുന്നതെന്ന് സഫോക് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി കെവിൻ ഹെയ്ഡൻ പറ‌ഞ്ഞു. എന്നാൽ ഡിഎൻഎ തെളിവിൽ പ്രതിയുടെ അഭിഭാഷകൻ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!